Rent Vandi (2023) | Drama, Comedy | 20 Mins | Youtube
ഇതുവരെ കാണാത്ത ഒരാളെ സ്‌ക്രീനിൽ കാണുക, അയാൾ സ്ക്രീനിൽ വീണ്ടും വീണ്ടും വരാൻ വേണ്ടി കാത്തിരിക്കുക ഈയൊരു അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ ? എൻറെ ഓർമ്മയിൽ എൻറെ ബാല്യ കാലത്തിൽ കാർട്ടൂൺ സൂപ്പർ ഹീറോ സിനിമകളും കാണുന്ന സമയത്ത് ഹീറോ വരണം, മാജിക് കാണിക്കണം എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്ന കാലം ഉണ്ടായിരുന്നു. പക്ഷേ ഈയൊരു അനുഭവം ഒരു ഷോർട്ട് സിനിമയുടെ കഥാപാത്രത്തിലേക്ക് എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഒരു ഷോർട്ട് സിനിമയെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ചു സമയം മാത്രമുള്ള ഒരു കഥാപാത്രത്തിന് ആ ചിത്രത്തിൻറെ മൊത്തം കയ്യടിയും വാങ്ങിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഇവിടെ അത് അസാധ്യമായി ചെയ്തിരിക്കുന്നു. കഥാപാത്രം ആരാണെന്ന് ഞാൻ പറയാം.
ഒരു കല്യാണ വീടും അവിടത്തെ കുറച്ച് സാഹചര്യങ്ങളും കാണിക്കുന്ന സിനിമയാണ് റെന്റ് വണ്ടി. പേരുപോലെതന്നെ ഒരു വണ്ടി വാടകയ്ക്ക് എടുക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. എന്തുകൊണ്ട് വാടകയ്ക്ക് എടുക്കേണ്ടി വന്നു ? അതിൻറെ മുമ്പും ശേഷവും ഉള്ള കഥയാണ് ചിത്രം നമുക്ക് മുമ്പിൽ പറയുന്നത്.
എഴുതി തുടങ്ങിയപ്പോൾ മുതൽ ഞാൻ വർണിച്ച ഒരു കഥാപാത്രമുണ്ട്. അത് നായകൻറെ മാമനായി വന്ന കഥാപാത്രമാണ്. അദ്ദേഹം സിനിമകളിൽ ഉള്ള ആളാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിൻറെ പ്രകടനം എത്ര വർണ്ണിച്ചാലും മതി വരില്ല. ഒരാൾ സ്ക്രീനിലേക്ക് വരുമ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നാൽ അതിനേക്കാൾ വലിയ ഒരു ഭാഗ്യം ഒരു നടന് കിട്ടാനില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം. മറ്റു കഥാപാത്രങ്ങളുടെ പ്രകടനം മോശം എന്ന് ഞാൻ ഇവിടെ ഉദ്ദേശിച്ചില്ല. എല്ലാവരും നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. പക്ഷേ ഇദ്ദേഹമാണ് എന്റെ ഫേവറേറ്റ് എന്ന് മാത്രം.
20 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും കാണാം. ജോണർ തിരിച്ചു പറയുകയാണ് എങ്കിൽ കോമഡി, ഡ്രാമ വിഭാഗം ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്നതാണ്.
ഷോർട്ട് സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ബഡ്ജറ്റ് ആണ്. പക്ഷേ കാണുന്ന പ്രേക്ഷകന് അത് നോക്കേണ്ട കാര്യവുമില്ല. ആ ഒരു വ്യൂ പോയിന്റിൽ ചിന്തിക്കുമ്പോൾ ഈ ചിത്രത്തിന് പോരായ്മകൾ ഉണ്ട്. പക്ഷേ, മികച്ച രീതിയിലുള്ള ടെക്നിക്കൽ സൈഡ് കൊണ്ടും ആക്ടർ പെർഫോമൻസ് കൊണ്ടും പോസിറ്റീവിന്റെ തട്ട് താഴ്ന്നു തന്നെ കിടക്കും. അതുകൊണ്ട് ഒന്ന് കണ്ടു നോക്കാം. സമയനഷ്ടം ഉണ്ടാവില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം.
Rent Vandi Watch Now 👇
നിങ്ങളുടെ ഷോർട്ട് സിനിമ റിവ്യൂ ചെയ്യാൻ കോൺടാക്ട് ചെയ്യുക.
No comments:
Post a Comment