RGP VIEW 199
Parasite (2019)
R | 132 min | Comedy, Drama, Thriller
ഓസ്കാർ കിട്ടുന്ന സിനിമകളെല്ലാം ഗംഭീരം ആണോ..? അങ്ങനെ ഒരു ചിന്താഗതി എനിക്കില്ല. പക്ഷേ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ഓസ്കാർ കിട്ടിയ മൂവിയാണ്, കിടുവാണ്, കണ്ടുനോക്ക് എന്നൊക്കെ..! അർഹിച്ച സിനിമകൾക്ക് ഓസ്കാർ കിട്ടണം. അത് ഏതു ഭാഷ ആയാലും ഏതു ദേശം ആയാലും..! അല്ലാതെ സ്കൂൾ പിള്ളേരെ പോലെയുള്ള ജൂറി ആവരുത്..!
എന്തൊക്കെ പറഞ്ഞാലും Parasite വലിയ ഒരു മാറ്റത്തിൻറെ തുടക്കമാണ്. ആദ്യമായി ഒരു കൊറിയൻ സിനിമയ്ക്ക്, സോറി ആദ്യമായി ഹോളിവുഡ് അല്ലാത്ത ഒരു സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കാർ ലഭിക്കുന്നു. അതിൽ ഒരു സിനിമ സ്നേഹി എന്ന രീതിയിൽ അങ്ങേയറ്റം സന്തോഷമുണ്ട്. പക്ഷേ സിനിമയ്ക്ക് അർഹത വേണം..!
കഥയിലേക്ക് വരാം.. ഈ ചിത്രത്തിന് നായകനില്ല. ഒരു ദരിദ്ര കുടുംബത്തിലെ നാല് അംഗങ്ങളാണ് ചിത്രം മുന്നോട്ടു കൊണ്ടുപോകുന്നത്. പിസയുടെ കവർ ഉണ്ടാക്കി വിറ്റുകിട്ടുന്ന തുച്ഛമായ കാശുകൊണ്ട് ജീവിക്കുന്ന കുടുംബം. സ്വന്തം മകൻറെ വിദ്യാഭ്യാസം വരെ പൂർത്തീകരിക്കാൻ ആ മാതാപിതാക്കൾക്ക് സാധിച്ചില്ല. ഇപ്പോഴുള്ള ആ ചെറിയ ജോലി നഷ്ടമാകുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പതുക്കെ നീങ്ങുകയാണ്.
ഈ സമയത്താണ് മകൻറെ ചങ്ങാതി വീട് സന്ദർശിക്കുന്നതും ഒരു ജോലി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത്. വളരെ ധനികരായ സമൂഹത്തിൽ നിലയും വിലയുമുള്ള ഒരാളുടെ വീട്ടിൽ ചെന്ന് അവരുടെ മകൾക്ക് ട്യൂഷൻ എടുത്തു കൊടുക്കണം. കള്ള സർട്ടിഫിക്കറ്റുമായി അവൻ ആ വീട്ടിലേക്ക് പോകുന്നു. ശേഷം കഥ വികസിക്കുന്നു.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പണ്ട് കണ്ടുമറന്ന പ്രിയദർശൻ സിനിമകളാണ് മനസ്സിലേക്ക് ഓടി വന്നത്. ആൾമാറാട്ടം മലയാളികളുടെ അത്ര മറ്റൊരു ഭാഷക്കാരും കണ്ടു കാണില്ല. അത്രയും ആൾമാറാട്ടം സിനിമകളാണ് നമ്മൾ കണ്ടു കഴിഞ്ഞത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ "ഈ സീനൊക്കെ ലാലേട്ടനും മുകേഷും പണ്ടേ വിട്ടതാ" ഈ ഡയലോഗ് ഇടയ്ക്കിടയ്ക്ക് കയറിവന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.
പക്ഷേ ഒരു ഘട്ടത്തിൽ വെച്ച് കഥ മാറി മറിഞ്ഞു. ഒരു കഥാപാത്രത്തിൻറെ വരവോടുകൂടി സിനിമയുടെ ജോണർ തന്നെ മാറി എന്നു പറയേണ്ടിവരും. ഒരു ഫീൽ ഗുഡ് മൂഡിൽ പോയ ചിത്രം പിന്നീട് കഴിഞ്ഞ വർഷത്തെ മികച്ച കൊറിയൻ ത്രില്ലർ സിനിമയിലേക്ക് കാൽ വെക്കുകയായിരുന്നു.
സംവിധാനം ആയാലും കഥയായാലും എല്ലാംകൊണ്ടും മികച്ചത്. ക്ലൈമാക്സ് രംഗങ്ങൾ ക്ലീഷേയിലേക്ക് വഴി മാറിയോ എന്ന് ചിന്തിച്ചെങ്കിലും അവിടുന്നുള്ള ട്വിസ്റ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. പോരായ്മകൾ ഒന്നും കാര്യമായി തോന്നിയില്ല.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു കൊറിയൻ ചിത്രം തന്നെയാണ് Parasite. ഓസ്കാർ കിട്ടിയ സിനിമ എന്നുപറഞ്ഞ് പ്രമോട്ട് ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ മനസ്സുകൊണ്ട് മികച്ച സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് 1917ന് തന്നെ കിട്ടിയാൽ മതിയായിരുന്നു എന്ന് വീണ്ടും ആഗ്രഹിച്ചു പോകുന്നു.
വളരെ വളരെ മികച്ച സിനിമ അനുഭവം.
4.25/5 RGP VIEW
Rgp's followers 80% Liked This Film
Rgp's followers 80% Liked This Film
8.6/10
IMDb
99%
Rotten Tomatoes
96%
Metacritic
90% liked this film
Google users
RGP VIEW
No comments:
Post a Comment