RGP VIEW 195
Mirage (2018)
TV-MA | 128 min | Drama, Mystery, Romance
ഭർത്താവിന് നല്ല ജോലി, നായിക ഡോക്ടറാണ്, സുന്ദരിയായ ഓമന മകൾ എല്ലാം കൊണ്ടും ആ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു. നായിക വേരയും കുടുംബവും പുതിയ ഒരു വീട്ടിലേക്ക് താമസം മാറുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ആ പുതിയ വീട്ടിൽ അടച്ചിട്ട അലമാരയിൽ ഒരു പഴയ ടിവി ആ കുടുംബത്തിൻറെ ശ്രദ്ധയിൽ പെടുന്നു. ടിവി കൂടെ പഴയ കാസറ്റുകളും ഉണ്ടായിരുന്നു.
അവർ കൗതുകത്തോടെ ഓരോന്നായി കാസറ്റുകൾ പ്ലേ ചെയ്തു. ആ വീട്ടിൽ മുമ്പ് താമസിച്ച ഒരു ചെറിയ പയ്യൻ പാട്ടുപാടി സ്വന്തം റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് അവർ ആ പഴയ ടിവിയിലൂടെ കണ്ടത്. പിന്നീടാണ് ആ പയ്യൻ മരണപ്പെട്ടു എന്നകാര്യം അവർ അറിയുന്നത്. അത് അവർക്ക് ഒരു ചെറിയ ഞെട്ടൽ ഉണ്ടാക്കി.
ആ ദിവസം നല്ല ഇടിയും മഴയും ഉണ്ടായിരുന്നു. നായിക എന്തോ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഉണരുന്നു. അവൾ ഹാളിലേക്ക് പതുക്കെ നടന്നു. ഹാളിൽ നടക്കുന്ന ആ രംഗം കണ്ടു നായിക ഞെട്ടി. ടിവി തന്നാലെ ഓണായി ഇരിക്കുന്നു. അവൾ ടിവിയുടെ അടുത്തേക്ക് ഒരു പേടിയോടെ നടന്നു. അവൾ ടിവിയുടെ അടുത്തെത്തിയതും അവളുടെ ജീവിതം മാറിമറിഞ്ഞു.
തുടക്കം പക്കാ ഹൊറർ മൂഡിലാണ് ഈ സ്പാനിഷ് ചിത്രം ആരംഭിക്കുന്നത്. കാര്യമായി പേടിക്കാൻ ഒന്നും ഇല്ലെങ്കിലും മനസ്സിൻറെ ഒരു മൂലയിൽ ഒരു ചെറിയ ഭയം സിനിമ നിലനിർത്തുന്നുണ്ട്. പിന്നീട് സയൻസ് ഫിക്ഷൻ ജോണറിൽ ചിത്രം മുന്നോട്ടു പോകുന്നു. ഒരുപക്ഷേ ടൈം ട്രാവൽ എന്നെല്ലാം വിശേഷിപ്പിക്കാം.
സത്യത്തിൽ സിനിമ വളരെ ഇന്ട്രെസ്റ്റിംഗ് ആണ്. വളരെ നല്ല രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവം സിനിമയെ കൂടുതൽ മികച്ചതാക്കുന്നു. സ്പാനിഷിൽ അധിക സിനിമകളൊന്നും കണ്ടില്ലെങ്കിലും വളരെ ഇഷ്ടമുള്ള ഒരു ആക്ടർ ഉണ്ട്. അദ്ദേഹത്തിൻറെ പേര് ഒന്നും എനിക്കറിയില്ല. പക്ഷേ, Money Heistലെ പ്രൊഫസർ എന്നുപറഞ്ഞാൽ ഒരുവിധം സിനിമ ആരാധകർക്ക് എല്ലാം അദ്ദേഹത്തെ മനസ്സിലാകുമെന്ന് കരുതുന്നു. അദ്ദേഹം അടങ്ങുന്ന കാസ്റ്റിംഗ് വളരെ മികച്ച പ്രകടനം തന്നെയാണ് എനിക്ക് വ്യക്തിപരമായി സമ്മാനിച്ചത്.
ഒരുപാട് മികച്ച പ്രതികരണങ്ങൾ ലഭിച്ചതു കൊണ്ടാണ് ഈ ചിത്രം കണ്ടത്. സിനിമയോട് പ്രതീക്ഷയുണ്ടായിരുന്നു. വളരെ ഇന്ട്രെസ്റ്റിംഗ് ആയി മുന്നോട്ടു പോയ സിനിമ അവസാനം കൊണ്ടുപോയി നശിപ്പിച്ച പോലെ എനിക്ക് അനുഭവപ്പെട്ടു. ക്ലൈമാക്സ് അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല. വളരെ ക്ലീഷേ സ്വഭാവമുള്ള അവസാനമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യമെല്ലാം ഒരുപാട് പുതുമകൾ തന്നു അവസാനം കൊണ്ടുപോയി കലമുടച്ചു.
എന്തൊക്കെ പറഞ്ഞാലും ഒരു മോശം സിനിമ ഒന്നുമല്ല Mirage. ഞാൻ പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന് മാത്രം. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ ത്രില്ലർ ചിത്രമാണ് Mirage. ഒരുവട്ടം കണ്ടു രസിക്കാൻ ഉള്ളതെല്ലാം ചിത്രത്തിലുണ്ട്. ടൈം ട്രാവൽ സിനിമകളോട് താല്പര്യമുള്ളവർ അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ സിനിമ ഇഷ്ടപ്പെടും.
3.25/5 RGP VIEW
7.4/10
IMDb
75%
Rotten Tomatoes
6.4/10
FilmAffinity
94% liked this film
Google users
RGP VIEW
No comments:
Post a Comment