RGP VIEW 194
Ayyappanum Koshiyum (2020)
177 min | Action, Drama, Thriller
മലയാളത്തിൽ പേര് കണ്ട് ധൈര്യമായി തിയേറ്ററിൽ കയറാം പറ്റുന്ന ഒരു തിരക്കഥാകൃത്താണ് സച്ചി. ഒരുപിടി മികച്ച സിനിമകൾ അദ്ദേഹത്തിൻറെ തൂലികയിൽ നിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്. അനാർക്കലി എന്ന ചിത്രത്തിനുശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുകയും ആ സിനിമയ്ക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി എന്ന പേര് മാത്രം മതി സിനിമ കാണാൻ, പോരാത്തതിന് മിനിമം ഗ്യാരണ്ടി നടൻ പൃഥ്വിരാജ് കൂടി സിനിമയിൽ വരുമ്പോൾ സിനിമാപ്രേമികൾക്ക് മറ്റെന്താണ് വേണ്ടത്..?
പക്ഷേ ട്രെയിലർ വ്യക്തിപരമായി ഇഷ്ടപ്പെട്ടില്ല. സിനിമ പരാജയപ്പെടും എന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു. സിനിമ റിലീസായി മികച്ച അഭിപ്രായങ്ങൾ വന്നെങ്കിലും സിനിമ കാണാൻ ഒരു താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ സിനിമ കാണാൻ തിയേറ്ററിൽ പോയില്ല.
സുഹൃത്തിൻറെ ഒരു ഫംഗ്ഷന് വേണ്ടി ഡ്രൈവറോട് ഒപ്പം കുറച്ച് മദ്യപിച്ച് ഒരു കാട്ടിലൂടെ കാറിൽ യാത്രചെയ്യുന്ന കോശി. വഴിയിൽവെച്ച് എസ് ഐ അയ്യപ്പൻ കോശിയെ പിടികൂടുന്നു. മദ്യ നിരോധിത മേഖലയിൽ വെച്ചാണ് പോലീസ് പോലീസ് അയാളെ പിടികൂടുന്നത്. ഫംഗ്ഷന് വേണ്ടി കരുതിയിരുന്ന മദ്യകുപ്പികൾ കാറിലുണ്ടായിരുന്നു. ഇതുകണ്ട് പോലീസ് കോശിയെ അറസ്റ്റ് ചെയ്യുന്നു. അവിടെനിന്ന് കഥ തുടരുന്നു..
നമ്മുടെ ജീവിതത്തിൽ സാധാരണയായി സംഭവിക്കുന്നത് ഒരു കാര്യം. എന്താണ് എന്നല്ലേ ? ചെറിയ ഒരു പ്രശ്നം ആയിരിക്കും. അത് സംസാരിച്ചും അല്ലാതെയും പ്രശ്നം കൈവിട്ടു പോകുന്ന അവസ്ഥ. അത് നമ്മളെ കൊണ്ട് തന്നെ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്ന സിറ്റുവേഷൻ നമ്മൾ പലപ്പോഴും അനുഭവിച്ചിട്ടുണ്ടാകും. ഈ ചിത്രം കണ്ടപ്പോൾ ഈ സിനിമയിൽ ചർച്ച ചെയ്യുന്നത് അതുപോലെയുള്ള ഒരു വിഷയം ആണെന്നു എനിക്ക് തോന്നി.
മൂന്നുമണിക്കൂറോളം ഉള്ള ചിത്രം ഒട്ടും ബോറടിപ്പിക്കുന്നില്ല. ചിത്രം കണ്ടു സമയം പോകുന്നത് അറിയില്ല എന്ന് തന്നെ പറയാം. ഒരു സാധാരണ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ളതെല്ലാം സച്ചി ഇതിൽ ഒരുക്കിയിട്ടുണ്ട്. താൻ ഒരു മികച്ച സംവിധായകൻ കൂടിയാണെന്ന് കാര്യം അദ്ദേഹം ഒന്നുകൂടി അടിവരയിടുന്നു.
മികച്ച ഫ്രെയിമുകളും നാടൻ പശ്ചാത്തലസംഗീതവും കഥാപാത്രങ്ങളുടെ പ്രകടനവും എല്ലാം കൂടി ആകുമ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നു. ബിജു മേനോൻറെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. കൂടാതെ ഡ്രൈവർ കുമാരൻ, കോൺസ്റ്റബിളായ പെൺകൊച്ച്, കരിമരുന്ന് മോഷ്ടിച്ച പ്രതി എന്നീ കഥാപാത്രങ്ങൾ മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നുണ്ട്. ഇവരിൽനിന്ന് ഭാവിയിൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ ചിത്രത്തിലെ അവസാന ഫൈറ്റ് രംഗങ്ങൾ പൊളിച്ചടുക്കി.. ഇത്രയും മനോഹരമായി കൊറിയോഗ്രാഫി ചെയ്ത റിയലിസ്റ്റിക് ഫൈറ്റ് രംഗം ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല...
സിനിമയിലെ ഗാനങ്ങൾ ഇഷ്ടപ്പെട്ടില്ല. സിനിമയിൽ കുറച്ച് അധികം കണ്ടിന്യൂയിറ്റി നഷ്ടപ്പെട്ടതുപോലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മലയാളസിനിമയിൽ അതൊന്നും പ്രശ്നമല്ലെങ്കിലും ഈ ചെറിയ പ്രശ്നം കൂടി പരിഹരിച്ചാൽ സച്ചി മികച്ച സംവിധായകൻ ആണെന്ന് കയ്യൊപ്പ് പതിയും എന്ന് പ്രതീക്ഷിക്കുന്നു.
ഒരു മികച്ച സിനിമ തന്നെയാണിത്. പക്ഷേ കുറച്ചു ഓവർ റേറ്റഡ് ആയി അനുഭവപ്പെട്ടു. എന്തിരുന്നാലും ഒരു മികച്ച സിനിമ അനുഭവം തന്നെയാണ് അയ്യപ്പനും കോശിയും എനിക്ക് സമ്മാനിച്ചത്..
3.5/5 RGP VIEW
Rgp's followers 89% Liked This Film
Rgp's followers 89% Liked This Film
8/10 Imdb
RGP VIEW
No comments:
Post a Comment