Friday, March 13, 2020

193. Exam (2009) ENGLISH

RGP VIEW 193

Exam (2009)
Not Rated   |  101 min   |  Mystery, Thriller

90കളിലെ കുട്ടികൾക്ക് മിസ്റ്റർ ബീനിൻറെ എക്സാം എപ്പിസോഡ് ഒരിക്കലും മറക്കാൻ സാധിക്കില്ല. എക്സാമിന് ചോദ്യം പേപ്പർ കിട്ടിയെങ്കിലും പേപ്പറിൽ ഒരു ചോദ്യം പോലും ഇല്ല. ശേഷം മിസ്റ്റർ ബീൻ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ കണ്ട് വാതോരാതെ ചിരിച്ചവരാണ് നമ്മളിൽ പലരും.. ഇതേ പ്ലോട്ടിൽ കഴിഞ്ഞ ദിവസം ഞാൻ ഒരു ചിത്രം കണ്ടു.

വലിയ ഒരു കമ്പനി. ആ കമ്പനി റിക്രൂട്ട്മെൻറ് നടത്തുന്നു. അതിലേക്ക് നിരവധി അപേക്ഷകൾ  വരുന്നു. നിരവധി കടമ്പകൾക്ക് ശേഷം അവസാനത്തെ പരീക്ഷയ്ക്ക് വേണ്ടിവരുന്ന ഒൻപതുപേർ. അതിനായി പ്രത്യേകം സജ്ജമാക്കിയ എക്സാം ഹാൾ. 80 മിനിറ്റ് പരീക്ഷ എഴുതാനുള്ള സമയം. ആകെ ഒരൊറ്റ ചോദ്യം.

ഒരു ചോദ്യമല്ലേ..? സിമ്പിൾ അല്ലേ എന്നൊക്കെ കരുതിയേക്കാം. കൗതുകം എന്തെന്നാൽ മുൻപിൽ ചോദ്യപേപ്പർ ഉണ്ടെങ്കിലും ആ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ല. ചോദ്യം കണ്ടുപിടിച്ച് ഉത്തരം എഴുതണം.

സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് എക്സാം. ചോദ്യം കണ്ടുപിടിക്കാനുള്ള ഒൻപത് പേരുടെ ശ്രമം. ശേഷം അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.

ഒരു ലൊക്കേഷനിൽ മുഴുവനായി സംഭാഷണങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ത്രില്ലടിച്ച് കണ്ടിരിക്കാവുന്ന സിനിമ. അതിൽ ഒരുപാട് വ്യത്യസ്തമായ കഥകളും രീതികളും ചിത്രം പറഞ്ഞു പോകുന്നുണ്ട്. ജാതി, മതം  വർഗ്ഗം, നിറം, സ്വാർത്ഥത, ചതി, സ്നേഹം, ദയ, ക്ഷമ തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നത്.

നല്ല രീതിയിലുള്ള തിരക്കഥ, ചിത്രത്തിൻറെ പശ്ചാത്തലസംഗീതം, അഭിനേതാക്കളുടെ പ്രകടനം തുടങ്ങിയവ മികച്ചതായി അനുഭവപ്പെട്ടു. എടുത്തുപറയേണ്ട മറ്റൊന്ന് ചിത്രം തുടക്കം മുതൽ ഒടുക്കം വരെ നിഗൂഢത നിലനിർത്തുന്നുണ്ട്. അതിനോടൊപ്പം ത്രില്ലർ സ്വഭാവം ഒരു പരിധിവരെ പ്രേക്ഷകന് ലഭിക്കുന്നുമുണ്ട്.

ഒരു ലൊക്കേഷൻ ആയതുകൊണ്ടാകാം ചിലയിടങ്ങളിൽ എല്ലാം ലാഗ് അനുഭവപ്പെടുന്നുണ്ട്. ഈ ലാഗ് ആണ് പ്രധാന പോരായ്മയായി തോന്നിയത്.

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയല്ല ഇത്. സൈക്കോളജിക്കൽ ത്രില്ലർ സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകർക്ക് കാണാവുന്ന ഒരു ചിത്രം. അല്ലാത്തവർ ഈ സിനിമ കാണണമെന്ന്  യാതൊരു നിർബന്ധവുമില്ല. ഒരുവട്ടം കണ്ടു മറക്കാവുന്ന ചലച്ചിത്ര അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്.

3/5 RGP VIEW

6.8/10
IMDb
63%
Rotten Tomatoes
3.1/5
Letterboxd
83% liked this film
Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)