Thursday, March 12, 2020

192. Oh My Kadavule (2020) TAMIL

RGP VIEW 192

Oh My Kadavule (2020)
151 min   |  Comedy

അർജുനും മണിയും അനുവും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. ഒരു ദിവസം ബാറിൽ വെള്ളമടിച്ചു കൊണ്ടിരിക്കുമ്പോൾ അനു അർജുനോട് വിവാഹ അഭ്യർത്ഥന നടത്തുന്നു. എല്ലാ കാര്യങ്ങളും പരസ്പരം ഷെയർ ചെയ്യുന്ന തമ്മിൽ മനസ്സിലാക്കുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് അർജുൻ വിവാഹം കഴിക്കാൻ തയ്യാറാവുന്നു.

ഒരു വർഷത്തിനു ശേഷം ഇരുവരും  ഡൈവോഴ്സിന് വേണ്ടി കോടതിയിൽ എത്തുന്നു. സുഹൃത്തായ മണി ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടുപേരും തയ്യാറാവുന്നില്ല. ഈ സമയം ഒരു അപരിചിതൻ അർജുൻറെ അടുത്തേക്ക് വരുകയും അടുത്ത അരമണിക്കൂറിൽ ആ കോടതിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ എല്ലാം മുൻകൂട്ടി പറയുകയും ചെയ്യുന്നു. ഒരു വിസിറ്റിംഗ് കാർഡ് നൽകി അയാൾ അവൻറെ അടുക്കൽ നിന്നു പോകുന്നു.

അർജുൻ ആദ്യം വിശ്വസിച്ചില്ലെങ്കിലും അയാൾ മുൻകൂട്ടി പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയിൽ നടക്കാൻ തുടങ്ങി. അർജുന് വിശ്വസിക്കാൻ സാധിച്ചില്ല. മനസ്സമാധാനം ഇല്ലാതെ അവൻ വിസിറ്റിംഗ് കാർഡിലെ അഡ്രസ്സിലേക്ക് ഓട്ടോയിൽ യാത്രയായി. അർജുൻ അവിടെ എത്തുന്നതും ശേഷം അവൻറെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

മനോഹരമായ രീതിയിൽ കോർത്തുണ്ടാക്കിയ ഒരു ഫാൻറസി സിനിമ. പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നതെങ്കിലും സൗഹൃദവും കുടുംബവും പ്രണയത്തെ പോലെ തന്നെ ഇംപോർട്ടൻസ് നൽകിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.

 നർമ്മത്തിൽ ചാലിച്ച ഒരു കഥ, ബോറടിക്കാതെ കൊണ്ടുപോയ സംവിധാനം, നല്ല ഗാനങ്ങൾ, മികച്ച പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ മികച്ച പ്രകടനം തുടങ്ങി എല്ലാ ചേരുവകളും നല്ല രീതിയിൽ വന്ന ഒരു ചിത്രം.

കേട്ടു തഴമ്പിച്ച കഥ തന്നെയാണ് ഈ സിനിമ പറയുന്നത്. പക്ഷേ അത് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൻറെ പകുതിയിൽ ഒരു വിഎഫ്എക്സ് രംഗം വരുന്നുണ്ട്. അത് ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. കാര്യമായ തകരാറുകൾ ഒന്നും ചിത്രത്തിൽ കണ്ടില്ല.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് ഓ മൈ കടവുളേ. പ്രണയവും ജീവിതവും സൗഹൃദവും കുടുംബവും എല്ലാം ചർച്ച ചെയ്യുന്ന നല്ല ഒരു ഫീൽ ഗുഡ് സിനിമ. ഒരുവട്ടം കണ്ടു മടക്കാവുന്ന ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

3.5/5 RGP VIEW

Rgp's followers 71% Liked This Film

8.4/10 · IMDb
97% liked this film
Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)