Tuesday, March 10, 2020

190. Incendies (2010) FRENCH

RGP VIEW 190
Incendies (2010)
R   |  131 min   |  Drama, Mystery, War

അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. പെട്ടെന്നൊരു ദിവസം അമ്മയ്ക്ക് രോഗം പിടിപെടുകയും ദിവസങ്ങൾ മാത്രം അവശേഷിക്കെ അമ്മ മരണപ്പെടുകയും ചെയ്യുന്നു. ശവ സംസ്കാരത്തിന് മുമ്പ് അമ്മ സെക്രട്ടറിയായി വർക്ക് ചെയ്ത സ്ഥാപനത്തിലെ ഓണർ മുഖേന മക്കൾ വിൽപത്രം വായിക്കുന്നു. അതിൽ സ്വത്തിൻറെ കാര്യം മാത്രമല്ല പറഞ്ഞിരുന്നത്. നേരെമറിച്ച് ശവസംസ്കാരത്തിന് മുമ്പായി തൻറെ രണ്ട് കുട്ടികൾക്കും ഭാരിച്ച കുറച്ച് ഉത്തരവാദിത്തങ്ങൾ കൂടി ഏൽപ്പിക്കുന്നു.

അത് ചെയ്തില്ലെങ്കിൽ തന്നെ മറവ് ചെയ്യരുതെന്നും ശവപ്പെട്ടിയിൽ നഗ്നയായി കിടത്തണം എന്നും അമ്മ വിൽപ്പത്രത്തിൽ മക്കളോട് ആവശ്യപ്പെടുന്നു. പക്ഷേ സ്വന്തം മാതാവ് മക്കളോട് പറഞ്ഞ കാര്യങ്ങൾ ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ വേണ്ടി മക്കൾ ആ ദൗത്യം ഏറ്റെടുക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

തുടക്കം തന്നെ വളരെ നെഗറ്റീവ് സൈഡിലൂടെയാണ് ചിത്രം ചർച്ച ചെയ്യപ്പെടുന്നത്. പക്ഷേ പിന്നീട് കഥ മറ്റു പല ഘട്ടത്തിലേക്ക് നീങ്ങുകയും ശക്തമായ രീതിയിലേക്ക് മുറുകുകയും ചെയ്യുന്നു. 

ഒരുപാട് കാലം കയ്യിൽ കിടന്ന ചിത്രമാണിത്. എന്തുകൊണ്ടോ കാണാൻ തോന്നിയില്ല. സിനിമ എന്ന മാധ്യമം പലപ്പോഴും ഒരു മോട്ടിവേഷനായി എടുക്കുന്ന ഒരാളാണ് ഞാൻ. ഈ സിനിമയിൽ ഒരു ഗംഭീര ട്വിസ്റ്റ് ഉണ്ടെന്ന കാര്യം ഞാൻ മുമ്പ് എപ്പോഴോ വായിച്ചിരുന്നു. അതാണ് ഈ ചിത്രം കാണാൻ ഉണ്ടായ പ്രചോദനം. പക്ഷേ സിനിമയുടെ ട്വിസ്റ്റ് ഞാൻ ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു.

സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം എന്നുതന്നെ ഞാൻ പറഞ്ഞു. ശക്തമായ തിരക്കഥയും അതിനോട് ഇടംപിടിക്കുന്ന സംവിധാനവും മികച്ച പശ്ചാത്തല സംഗീതവും സൗണ്ട് മിക്സിങ്ങും മനോഹരമായ ക്യാമറ വർക്കുകളും കൊണ്ട് സമ്പൂർണമാണ് ഈ ചിത്രം. പക്ഷേ മോട്ടിവേഷൻ പ്രതീക്ഷിച്ച് പോയ ഞാൻ നെഗറ്റിവിറ്റിയിലേക്ക് പടവലം പോലെ താഴോട്ട് പോകുകയായിരുന്നു. അതെന്തുകൊണ്ട് ? അത് സിനിമ അനുഭവിച്ചറിയേണ്ട കാര്യം തന്നെയാണ്.

സിനിമയുടെ ട്വിസ്റ്റുകൾ കണ്ടു തലക്ക് അടി കിട്ടിയ അവസ്ഥയായിരുന്നു. റവല്യൂഷൻ, വാർ, ഫാമിലി തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിൻറെ സഞ്ചാരം. സത്യം പറഞ്ഞാൽ അത്ര സുഖത്തിൽ ചിത്രം കണ്ടു തീർക്കാൻ സാധിക്കില്ല. നമ്മുടെ മനസ്സിനെ വല്ലാതെ നോവിച്ചു കൊണ്ടാണ് ഈ മനോഹര ചിത്രം ഒരുക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നല്ല രീതിയിൽ ഡിസ്റ്റർബ് ചെയ്യുന്ന ഫ്രഞ്ച് സിനിമകളിൽ ഒന്നാണ് Incendies.

എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു സിനിമയാണോ എന്നകാര്യം സംശയമുണ്ട്. പക്ഷേ സിനിമ സ്നേഹികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണിത്. കണ്ണ് ചിമ്മി മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന ഐറ്റം. മേൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് അതിജീവിക്കാൻ സാധിക്കുമെങ്കിൽ ധൈര്യമായി കണ്ടോളൂ. നിങ്ങൾ ചിത്രം കണ്ടു നിരാശപ്പെടേണ്ടി വരില്ല. 

4.25/5 RGP VIEW

rgp's Follower Rating 61%

8.3/10
IMDb
93%
Rotten Tomatoes
3.5/4
Roger Ebert
91% liked this film
Google users

RGP VIEW



No comments:

Post a Comment

Latest

Get out (2017)