Friday, November 8, 2019

170. Moothon (2019) Malayalam

RGP VIEW 170

മൂത്തോൻ
2019
Drama

സിനിമ ആസ്വാദനം പുതിയ വഴികൾ തിരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് ക്ലീഷേകൾ പലതും ഇപ്പോഴാണ് മലയാളത്തിൽ ഇറങ്ങാൻ തുടങ്ങിയത്. ഒരു വശത്തു കൂടി നോക്കിയാൽ സന്തോഷം തരുന്ന വാർത്ത തന്നെയാണ് ഇത്. കാരണം നമ്മൾ വരുന്നുണ്ടല്ലോ..!! 
ആ ഗണത്തിൽ ഒരു പരിധിവരെ ഉൾപ്പെടുത്താവുന്ന ചിത്രമാണ് മൂത്തോൻ. 

പ്രതീക്ഷയും ഒപ്പം അംഗീകാരവും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് വലിയ ഇംപാക്ട് ലഭിച്ചിരുന്നോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് വാസ്തവം. കാരണം തിയേറ്ററിൽ വലിയ ജനക്കൂട്ടത്തെ ഒന്നും എനിക്ക് കാണാൻ സാധിച്ചില്ല. മറ്റൊരു കാര്യം ഒരിക്കലും തിയേറ്ററിൽ വിജയിക്കാൻ സാധ്യതയില്ലാത്ത ഒരു ചിത്രം കൂടിയാണ് മൂത്തോൻ.

മുല്ല എന്ന കുട്ടിയുടെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. കഥയിലേക്ക് കടക്കുന്നില്ല. അത് അനുഭവിച്ച് അറിയേണ്ട ഒന്നാണ്. 

പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായങ്ങൾ ഈ ചിത്രത്തിനു ലഭിച്ചു. എങ്കിലും നിവിൻ പോളി എന്ന നടൻ അപ്പോഴും എൻറെ മനസ്സിൽ ചോദ്യചിഹ്നമായി നിന്നിരുന്നു. പക്ഷേ, മറ്റൊന്നാണ് ചിത്രത്തിലൂടെ കാണാൻ സാധിച്ചത് .

സിനിമയുടെ നട്ടെല്ല് നിവിൻ പോളി തന്നെയാണ്. അസാദ്യ പ്രകടനം. ഒരാളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതിനുമപ്പുറം അതാണ് നിവിൻ ഈ സിനിമയിൽ കാഴ്ചവെച്ചത്. രണ്ടുതരം കഥാപാത്രങ്ങൾ നിവിൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. രണ്ടിനും വ്യത്യസ്ത മാനറിസങ്ങളും സംഭാഷണ രീതികളുമാണ് അദ്ദേഹം കാഴ്ചവച്ചത്.

ഈ ചിത്രം അയാളിൽ ഒരു കരിയർ ബ്രേക്ക് ഉണ്ടാകുമെന്ന കാര്യം സംശയമില്ല. ഒരു ഒന്നൊന്നര ചലഞ്ചിങ് റോൾ തന്നെയാണ് നിവിൻ പോളി ഈ ചിത്രത്തിൽ കൊണ്ടുവന്നത്. കരിയർ ബെസ്റ്റ് എന്ന് നിഷ്പ്രയാസം പറയാം. ചില സീനുകൾ നമ്മൾ ഇന്നലെ കണ്ട നിവിൻ പോളി തന്നെയാണോ എന്നുവരെ ഞാൻ സംശയിച്ചു പോയി.

തിരക്കഥയും സംവിധാനവും സിനിമയുടെ പ്രധാനിയാണ്. മലയാളത്തിൽ ആരും അധികം ചർച്ച ചെയ്യാത്ത സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം മനോഹരമായി തന്നെ സംവിധായിക അവതരിപ്പിച്ചിട്ടുണ്ട്. വലിയ കഥയൊന്നും ഇല്ലെങ്കിലും വളരെ മികച്ച രീതിയിൽ ഉള്ളത് മനോഹരമാക്കിയിട്ടുണ്ട്. ഗീതു മോഹൻദാസ് അഭിനന്ദനങ്ങൾ.

രാജീവ് രവിയുടെ ക്യാമറ സിനിമയുടെ മാറ്റുകൂട്ടുന്നു. കിടിലോസ്കി ഫ്രെയിമുകളും ഒപ്പം രണ്ട് കാലഘട്ടത്തിലൂടെ സിനിമ മാറുമ്പോൾ ക്യാമറയിൽ വന്ന മാറ്റം അത്ഭുതപ്പെടുത്തി. അദ്ദേഹത്തിൻറെ ഇൻപുട്ട് സിനിമയിൽ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ്. പശ്ചാത്തലസംഗീതം വാരിവലിച്ച് ഇട്ട് നശിപ്പിക്കില്ല എന്നതാണ് വാസ്തവം. ആവശ്യത്തിനു മാത്രം..! എഡിറ്റിംഗ് തൃപ്തികരമാണ്.

കഥാപാത്രങ്ങളുടെ പ്രകടനം മികച്ചത് തന്നെയാണ്. റോഷൻ മാത്യു, കുട്ടിയായി അവതരിപ്പിച്ച പെൺകുട്ടി, ഹിന്ദിക്കാരൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. കുറേക്കാലത്തിനു ശേഷം മികച്ച കാസ്റ്റിംഗ് എന്ന് തോന്നിയ ചിത്രം കൂടിയാണ് മൂത്തോൻ.

ആദ്യ സീനുകളിൽ വന്ന VFX വർക്കുകൾ, കളർ ഗ്രേഡിംഗ് (പ്രത്യേകിച്ച് രാത്രി) എന്നിവ നല്ല ക്വാളിറ്റി ഉള്ളതു പോലെ അനുഭവപ്പെട്ടു. പിന്നെ ഇങ്ങനെ ഒരു സബ്ജക്റ്റ് മലയാളത്തിൽ പുറത്തിറക്കാൻ ടീം കാണിച്ച ചങ്കൂറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നുതന്നെയാണ്.

സെൻസർ ബോർഡ് അധികം കത്തി വെച്ചില്ല എന്നകാര്യം അത്ഭുതപ്പെടുത്തുന്നതാണ്. ശ്രദ്ധിച്ചു കേട്ടാൽ ചില സംഭവങ്ങൾ എല്ലാം കേൾക്കാം. ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലും ചിത്രം ഒരു ഡ്രാമയാണ്..

സിനിമയുടെ നെഗറ്റീവ് വശം പറയുകയാണെങ്കിൽ തുടക്കം കുറച്ചു ലാഗ് അനുഭവപ്പെട്ടു. ചിത്രത്തിലേക്ക് കയറാൻ കുറച്ചു സമയം വേണ്ടിവന്നു. കൂടാതെ "ആദ്യപകുതി കുറച്ച്  സമയമേ ഉള്ളൂ" അതൊരു കുറ്റമല്ല, എങ്കിലും ചിത്രം തുടങ്ങിയ സ്ഥലത്തുതന്നെ അവസാനിച്ച പോലെ അനുഭവപ്പെട്ടു. ആദ്യപകുതിയിൽ കണ്ടുമറന്ന പല ചിത്രങ്ങൾ കയറിവന്നു. ഫസ്റ്റ് ഹാഫ് സത്യം പറഞ്ഞാൽ ഒരു ക്ലീഷേ ആണ്.

വലിയ പോരായ്മകൾ ഒന്നും തന്നെ ഈ ചിത്രത്തിൽ എനിക്ക് കാണാൻ സാധിച്ചില്ല. ആദ്യദിവസം സിനിമ കാണണമെന്ന് ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമിത പ്രതീക്ഷ ഒന്നുമില്ലാതെയാണ് സിനിമ കാണാൻ ആരംഭിച്ചത്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ തൃപ്തിപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നാണ് മൂത്തോൻ.

ചിത്രം എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു എങ്കിലും, ഈ സിനിമ വിജയിക്കാൻ സാധ്യത വളരെ കുറവാണ്. സിനിമാ പ്രേമികൾ ഒരു പക്ഷേ തിയേറ്ററിൽ പോയി കാണുമായിരിക്കാം. സാധാരണ മലയാളി പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടാത്ത അവസ്ഥ തിയേറ്ററിൽ നിന്ന് തന്നെ അനുഭവപ്പെട്ടിരുന്നു. ഒരു നോർമൽ പ്രേക്ഷകർക്ക് വേണ്ടി ഉള്ള ചിത്രമാണോ എന്ന സംശയത്തിൻറെ നിഴൽ ഇപ്പോഴും നിലനിൽക്കുന്നു. പറയാനുണ്ടായ കാരണം എൻറെ തൊട്ടടുത്തിരിക്കുന്ന ആളുടെ മുഖം ചുളുങ്ങി തുടങ്ങിയിരുന്നു.

ലോ പെയ്സിൽ നീങ്ങുന്ന ഈ ചിത്രം പുതുമ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനും ധൈര്യമായി ടിക്കറ്റ് എടുക്കാം. നേരെ മറിച്ച് ഒരു മാസ്സ് സിനിമ പ്രതീക്ഷിച്ച്  കയറിയാൽ നിരാശയാവും ഫലം. കാണുക. വിലയിരുത്തുക. 

4/5 RGP VIEW

അഭിപ്രായം വ്യക്തിപരം.


No comments:

Post a Comment

Latest

Get out (2017)