Friday, September 13, 2019

154. Entangle (2019) MALAYALAM

RGP VIEW 154
ENTANGLE

Duration: 24 Min
Genre : Sci-fi, Thriller, Mystery

Director: Hariprasad


"Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director. Now you're a director. Everything after that you're just negotiating your budget and your fee."

പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ  പറഞ്ഞ വാക്കുകളാണിവ. സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് ഒരുപാട് പ്രചോദനം വാക്കുകൾ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ഒരു സിനിമ പരാജയം ആണെങ്കിലും വിജയം ആണെങ്കിലും അതിൻറെ പിന്നിൽ പ്രവർത്തിച്ചവരുടെ  കഠിനാദ്ധ്വാനം ചില്ലറയൊന്നുമല്ല. പക്ഷേ ഈ കാലഘട്ടത്തിൽ ഒരുപാട് ഷോർട്ട് സിനിമകൾ പ്രതിദിനം ഇറങ്ങുന്നുണ്ട്. അതിൽ ക്വാളിറ്റിയുടെ കാര്യം പലപ്പോഴും സംശയമാണ്. നിലവാരം കുറഞ്ഞ ഷോർട്ട് സിനിമകൾ ഇറങ്ങുന്ന  ഒരു ഇൻഡസ്ട്രി കൂടിയാണ് നമ്മുടെ മലയാളം . ഇങ്ങനെ വരുമ്പോൾ  പ്രധാന പ്രശ്നം നല്ല ഷോർട്ട് സിനിമകൾ പോലും കാണാത്ത ഒരു അവസ്ഥയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ  ഷോർട്ട് സിനിമയ്ക്ക് വലിയ വിലയൊന്നും ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.

ഷോർട്ട് സിനിമകൾ പൊതുവെ പരീക്ഷണങ്ങളാണ്. അല്ലെങ്കിൽ ഒരു പഠനത്തിൻറെ ഭാഗമായി കാണുന്നവരും ഉണ്ട്. അതിൽനിന്ന്  experiment വിഭാഗത്തിലേക്ക് സിനിമകൾ മാറുമ്പോൾ അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥ വന്നു കൊണ്ടിരിക്കുന്നു. നമ്മൾ മലയാളികൾക്ക്  പലപ്പോഴും സുപരിചിതമല്ലാത്ത ഒരു വിഷയം സംസാരിക്കുമ്പോൾ ആണല്ലോ അത് പരീക്ഷണങ്ങൾ ആയി മാറുന്നത്. അങ്ങനെയുള്ള ഒരു സിനിമയാണ് Entangle.

ചിത്രത്തിൻറെ പോസ്റ്റർ,  സോങ്ങ്, ട്രെയിലർ തുടങ്ങിയവയിൽ എന്നെ വളരെ അധികം  ആകർഷിച്ച  ഷോർട് സിനിമകളിലൊന്നാണ് Entangle. സാധാരണ കണ്ടുവരുന്ന ഒരു ഷോർട്ട് സിനിമ ട്രെയിലർ  അല്ലായിരുന്നു ഈ ചിത്രം ഫോളോ ചെയ്തിരുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണം സമയം എന്ന ഫാക്ടർ തന്നെ ആയിരുന്നു. 

നായകനും നായികയും പ്രേമിച്ച് കല്യാണം കഴിച്ചതാണ്. അതുകൊണ്ടുതന്നെ അവർക്ക്  കുടുംബ പശ്ചാത്തലം ഒന്നും തന്നെയില്ല. അയാൾ ജോലിക്ക് പോകുന്ന സമയത്ത് ചില അസ്വഭാവികമായ സംഭവങ്ങൾ വീട്ടിൽ നടക്കുന്നു. ശേഷം ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ്  ചിത്രം ചർച്ച ചെയ്യുന്നത്.

മലയാളത്തിൽ ഒരുപാട് പരീക്ഷണ ഷോർട്ട് സിനിമകൾ വന്നുകഴിഞ്ഞു. അതിലേക്ക് മികച്ച ഒരു സിനിമ കൂടി പിറവിയെടുത്തു എന്ന് നിഷ്പ്രയാസം പറയാം. സയൻസ് ഫിക്ഷൻ സിനിമകൾ പൊതുവെ മലയാളത്തിൽ കുറവാണ്. പക്ഷേ ആ ലെവലിലേക്ക് ഒരുപാട് ഷോർട്ട് സിനിമകൾ കടന്നുവരുന്നുണ്ട്. ടൈം ട്രാവൽ പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ചിത്രമാണ് Entangle. പക്ഷേ പുതിയൊരു തിയറിയാണ് ചിത്രം സംസാരിക്കുന്നത്. പരിചിതമല്ലാത്ത പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവം തന്നെയാണ്.

കഥാപാത്രങ്ങളും പിന്നണിയും വളരെ നല്ല രീതിയിൽ തന്നെ ചിത്രത്തെ തയ്യാറാക്കിയിട്ടുണ്ട്. എന്നെ വളരെയധികം അതിശയിപ്പിച്ച കാര്യം, ഇതിൻറെ ടെക്നിക്കൽ ക്രൂസ് എല്ലാം ആദ്യമായി സിനിമയിലേക്ക് ചുവട് ചുവടുവയ്ക്കുന്നവരാണ്.  പക്ഷേ ആദ്യമായി ചെയ്ത ഒരു വർക്ക് പോലെ എവിടെയും അനുഭവപ്പെട്ടില്ല. ചിത്രത്തിൻറെ സംവിധാനം, പക്വതയാർന്ന തിരക്കഥ, പശ്ചാത്തലസംഗീതം, എഡിറ്റിംഗ് തുടങ്ങി എല്ലാ മേഖലയിലും അവരവരുടേതായ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഇന്ന് രാത്രി 7 മണിക്കാണ് ഈ ഷോർട്ട് സിനിമ റിലീസ് ചെയ്യുന്നത്. ഉണ്ണിമുകുന്ദൻ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രം പുറത്തു വരുന്നത്. ഇന്നലെ രാത്രി ഓൺലൈൻ വഴി എനിക്ക് ഈ സിനിമയുടെ പ്രിവ്യൂ ഷോ കാണാൻ അവസരം ലഭിച്ചു. 

24 മിനിറ്റ് വരുന്ന ഈ ഷോർട്ട് സിനിമ ഒരു നിമിഷം പോലും നിങ്ങളെ ബോറടിപ്പിക്കില്ല. ഒരു മികച്ച സയൻസ് ഫിക്ഷൻ ത്രില്ലർ തന്നെയാണ് സംവിധായകൻ പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാണിക്കുന്നത്. പൊതുവേ ഞാൻ ഷോർട്ട് സിനിമകളുടെ റിവ്യൂ പോസ്റ്റ് ചെയ്യാറില്ല. മികച്ച വർക്ക് ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.

സിനിമയുടെ തുടക്കത്തിൽ ചില ഭാഗങ്ങളിൽ ഡബ്ബിങ് sync അല്ലാത്ത  ഒരു അവസ്ഥ അനുഭവപ്പെട്ടു. ഹോളിവുഡ് സിനിമകൾ അധികമായി കാണുന്നവർക്ക് ഈ ചിത്രത്തിൻറെ ആസ്വാദനം ഒരു ചെറിയ പരിധിവരെ പിറകോട്ട് ആവാൻ സാധ്യതയുണ്ട്. ഈ രണ്ടു പ്രശ്നങ്ങളാണ് കാര്യമായിട്ട് തോന്നിയത്. പക്ഷേ സത്യത്തിൽ ഇത് രണ്ടും വലിയ പ്രശ്നം ഒന്നും അല്ല താനും. പിന്നെ ഒരു റിവ്യൂ ആകുമ്പോൾ എല്ലാം പറയണമല്ലോ..!

മലയാളികൾ ഇതുവരെ കാണാത്ത അല്ലെങ്കിൽ മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു പുതിയ തിയറി ആണ് സിനിമ മുന്നോട്ടു കൊണ്ടു വരുന്നത്. മുമ്പ്  പല സിനിമകളിലായി ആയി മറ്റു ഭാഷകൾ ചർച്ച ചെയ്ത വിഷയം ആണെങ്കിലും അതിനെ നല്ല രീതിയിൽ തന്നെ മലയാളീകരിച്ച് പുറത്തിറക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തും എന്നത് എനിക്ക് ഇപ്പോഴും സംശയമാണ്. സ്പൂൺ ഫീഡിംഗ് ആഗ്രഹിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ഈ ചെറു സിനിമ എത്രത്തോളം  മലയാളികൾ സ്വീകരിക്കും എന്നത് കാത്തിരുന്നു കാണാം. ഭാവിയുടെ സിനിമയ്ക്ക് ആശംസകൾ.

RGP VIEW : Very Good

അഭിപ്രായം വ്യക്തിപരം മാത്രം.

1 comment:

Latest

Get out (2017)