Monday, July 29, 2019

152. Dear Comrade (2019) TELUGU

RGP VIEW 152
Dear Comrade

 (2019)
169 min   |  Action, Drama

Director: Bharat Kamma

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ സ്വന്തമായ ഒരുപാട് താരങ്ങളുണ്ട്. അതിലേ മലയാളികളുടെ എണ്ണം എടുത്തു നോക്കിയാൽ ഒരുപാടുണ്ടാകും. പക്ഷേ മറ്റു ഭാഷയിൽ നിന്നുള്ള നടന്മാരെ പൊതുവേ അത്രപെട്ടെന്നൊന്നും മലയാളികൾ സ്വീകരിക്കാറില്ല. പക്ഷേ വെറും 10 സിനിമകൾ കൊണ്ട് തന്നെ മലയാളിയുടെ മനം കവർന്ന ഒരു നടനാണ് Vijay Deverakonda. അർജുൻ റെഡ്‌ഡി ചിത്രത്തിന് ശേഷം കേരളക്കര വരെ അദ്ദേഹത്തിൻറെ സിനിമകൾക്കായി കാത്തിരുന്നു. ഇത്തവണ സഖാവാണ് എന്നുകൂടി അറിഞ്ഞപ്പോൾ ആ കാത്തിരിപ്പ് ഇരട്ടിയായി.

മലയാളികൾ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട രാഷ്ട്രീയ മേഖലയാണ് സഖാവ്. മലയാളത്തിൽ പല പ്രമുഖ നടന്മാരും സഖാവായി വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ തെലുങ്കിൽ നിന്ന് ഒരു സഖാവ്. രാഷ്ട്രീയ പ്രവർത്തനങ്ങളും പഠനവും ഒരു പോലെ കൊണ്ടുനടക്കുന്ന  നായകൻ ബോബി. അയാളുടെ അയൽവാസിയുടെ കല്യാണമാണ്. അവരുടെ കുടുംബാംഗങ്ങളെല്ലാം എല്ലാം അവിടെ എത്തിയിട്ടുണ്ട്. ബോബിയ്ക്ക്  അവിടെ വരുന്ന ലില്ലി എന്ന പെൺകുട്ടിയോട് ഒരു അടുപ്പം തോന്നുന്നു. ശേഷം കഥ വികസിക്കുന്നു.

സ്റ്റോറി ലൈൻ കേട്ടുകഴിഞ്ഞാ സാധാരണ കണ്ടു വരുന്ന ഒരു സിനിമപോലെ അനുഭവപ്പെട്ടേക്കാം. പക്ഷേ അതിനുമപ്പുറം ഈ ചിത്രം പലതും പറയുന്നുണ്ട്. പ്രണയം, വിരഹം, രാഷ്ട്രീയം, യാത്ര, ലക്ഷ്യം  തുടങ്ങി പല മേഖലയിലൂടെ ആണ് സിനിമയുടെ സഞ്ചാരം. പ്രണയം കുറച്ചു പൈങ്കിളിയാണെങ്കിലും സിനിമയുടെ ഗതി അധികവും ചിന്തിക്കുന്ന തരത്തിലുള്ളവ ആയിരുന്നില്ല. ട്വിസ്റ്റുകൾ എന്ന് പറയാൻ പറ്റിയില്ലെങ്കിലും ചിന്തിച്ച് എടുക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ തന്നെയാണ് കഥ മുന്നോട്ടു പോയത്. റൊമാൻറിക് പശ്ചാത്തലമാണ് സിനിമ സമ്മാനിക്കുന്നത്. അത് ഒരു സഖാവിൻറെ കൂടെ ആണെന്ന് മാത്രം.

ചില ചാനലുകൾ പുറത്തു വിടുന്ന തട്ടിക്കൂട്ട് ഗാനങ്ങൾ അല്ല സിനിമയിൽ ഉടനീളം കാണാൻ സാധിച്ചത്. പാട്ടുകളെല്ലാം വളരെ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. പ്രണയഗാനം ഒരുപാട് ഇഷ്ടപ്പെട്ടു. ഒപ്പം  പ്രണയ സ്വതന്ത്രമാക്കുന്ന പശ്ചാത്തലസംഗീതം സിനിമയ്ക്ക് ഒരുപാട് ഉപകാരപ്പെട്ടു. നല്ല ഒരു അവതരണം തന്നെയാണ് സിനിമ കാഴ്ചവയ്ക്കുന്നത്. സത്യം പറഞ്ഞാൽ ഒരു സംവിധായക ചിത്രമാണ് ഡിയർ കോമ്രേഡ്. പ്രണയത്തിന് പല തലങ്ങൾ ഉണ്ടെങ്കിലും ചർച്ചചെയ്യുന്നത് പൊതുവേ ഒരേ കാര്യങ്ങൾ തന്നെയാണ്. അതിനെ വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ  രൂപപ്പെടുത്തിയിട്ടുണ്ട്. 

മഴയും ഫ്രെയിമുകളും  ക്യാമറയുടെ മധുരം കൂട്ടി. ഫൈറ്റ് സീനുകൾ കൊള്ളാം. അതിനോടൊപ്പം ആ സമയത്തെ ക്യാമറ മൂവ്മെൻറ് എല്ലാം വളരെ നന്നായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് സ്ക്രിപ്റ്റാണ്. കാരണം  ഒരു കഥയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കഥാഗതി നീങ്ങുന്നത്. ഒരു കഥ മാത്രമല്ല ഈ സിനിമ പറയുന്നത്. സിറ്റുവേഷൻ മാറിക്കൊണ്ടേയിരിക്കുന്നു. ഇതിൻറെ അകത്ത് ഒരു പ്രണയം നടക്കുന്നുണ്ട് എന്നുമാത്രം. പക്ഷേ ആ പ്രണയത്തിൻറെ തീവ്രത നഷ്ടപ്പെടുന്നില്ല.

നായകന് മാസ്സ് കാണിക്കാൻ അധികം ഒന്നും ഇല്ലെങ്കിലും കാണിച്ച രംഗങ്ങൾ കയ്യടി അറിയിക്കുന്നത് തന്നെയായിരുന്നു. കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൂടി സിനിമ ചർച്ച ചെയ്യുന്നുണ്ട്. കഥയിൽ രസകരമായി അവതരിപ്പിച്ചു എങ്കിലും പിന്നീട് സിനിമ അവസാനം എത്തുന്നത് ക്ലീഷേയിലേക്ക് തന്നെയാണ്. അത് വലിയ ഒരു പോരായ്മയായി ഒന്നും തോന്നിയില്ല. പക്ഷേ എന്തുവന്നാലും മികച്ച ഒരു പര്യവസാനം സിനിമ സമ്മാനിക്കുന്നത്. ഒരു ഗുഡ് ഫീലിംഗ് എൻഡിങ്..

സഖാവ് എന്ന മാർക്കറ്റ് രീതി ഉപയോഗിച്ച്  പ്രണയ സിനിമ കാണിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നോ എന്ന് പലപ്പോഴായി തോന്നിപ്പോയി. കാരണം അത് പലർക്കും പ്രതീക്ഷ കൊടുക്കുകയും അവസാനം ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ചിലപ്പോൾ ഈ മാർക്കറ്റ് രീതി ഒന്നു മാറ്റി പിടിക്കുകയാണെങ്കിൽ സിനിമ ഒന്നുകൂടി മികച്ച രീതിയിലേക്ക് ഉയരുമായിരുന്നു. പ്രമോഷൻ സിനിമയുടെ വലിയ പോരായ്മയായി അനുഭവപ്പെട്ടു.

 നായകനെയും നായികയുടെയും പ്രകടനം വരെ നന്നായിരുന്നു. നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആവുന്നുണ്ട്. എല്ലാവരുടെയും ഡബ്ബിങ് ഒരു പരിധിവരെ മികച്ചതായിരുന്നു. പക്ഷേ നല്ലവണ്ണം  പെർഫോമൻസ് ചെയ്ത നായികയുടെ ഡബ്ബിങ് കല്ലുകടിയായി. സിനിമയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്ന ഒന്നു തന്നെ ആയിരുന്നു അത്. 

 അനാവശ്യമായ ഒരുപാട് ഷോട്ടുകൾ സിനിമയിൽ കയറിവരുന്നുണ്ട്. അത് സിനിമയുടെ ദൈർഘ്യം കൂടാൻ കാരണമായി. അത് അവസാനം  രണ്ടാംപകുതിയിൽ സിനിമയിൽ ഉടനീളം ചെറിയ രീതിയിൽ ലാഗ് അനുഭവപ്പെടാൻ വഴിയൊരുക്കി.
 പാട്ടുകളെല്ലാം നന്നായിട്ടുണ്ട്. എങ്കിലും ഇടയ്ക്കിടെ ഗാനങ്ങൾ കയറിവരുന്നത് ആസ്വാദനത്തെ രണ്ടാംപകുതിയിൽ ബാധിക്കുന്നുണ്ട്. സിനിമയിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടായിരുന്നു. ഇത്രയും ഗാനങ്ങളുടെ ആവശ്യം ഉള്ളതുപോലെ അനുഭവപ്പെട്ടില്ല. കൂടാതെ അനാവശ്യമായ സംഭാഷണങ്ങൾ സിനിമയ്ക്ക് ചെറിയ കല്ലുകടിയായി അനുഭവപ്പെട്ടു.

ഡിയർ കോമ്രേഡ് ഒരു രാഷ്ട്രീയ സിനിമയല്ല. രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ അല്ല സിനിമ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ സിനിമ പ്രതീക്ഷിച്ച് ഈ സിനിമയ്ക്ക് കയറിയാൽ നിരാശയാവും ഫലം. നേരെമറിച്ച് പക്വതയും പൈങ്കിളിയും നിറഞ്ഞ ഒരു റൊമാൻറിക് സിനിമയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ധൈര്യമായി ഈ സിനിമയ്ക്ക് എടുക്കാം. 

ഒരു കഥയിൽ ഒതുങ്ങാതെ വ്യത്യസ്തമായ പല ഘട്ടങ്ങളിലൂടെ ഈ സിനിമ സഞ്ചരിക്കുന്നുണ്ട്. അത് സിനിമയുടെ പ്രത്യേകതയായി അനുഭവപ്പെട്ടു. 
എല്ലാത്തരം പ്രേക്ഷകർക്കും ഈ സിനിമ ഇഷ്ടപ്പെടുമോ എന്ന കാര്യം സംശയമാണ്. ഈ സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ തിയേറ്ററിൽ നിന്ന് ആ ഒരു പ്രതികരണം അല്ല എനിക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ സിനിമ കണ്ട് വിലയിരുത്തുക. ഒരു നല്ല പ്രണയകഥ സിനിമ ചർച്ചചെയ്യുന്നുണ്ട് എന്ന കാര്യം ഞാൻ ഉറപ്പു നൽകുന്നു. സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അവരുടെ പ്രണയവും ഗാനവും തങ്ങി നിൽക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. കുറച്ചു പോരായ്മകൾ മാറ്റി നിർത്തിയാൽ ഒരു കിടിലൻ  പ്രണയ സിനിമ അനുഭവം തന്നെയാണ് ഡിയർ കോമ്രേഡ് എനിക്ക് സമ്മാനിച്ചത്.

4/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW



No comments:

Post a Comment

Latest

Get out (2017)