Thursday, July 18, 2019

145. Super 30 (2019) HINDI

RGP VIEW 145
Super 30

 (2019)
162 min   |  Biography, Drama


Director: Vikas Bahl

ഒരു മനുഷ്യന് ജീവിക്കാൻ വളരെ അത്യാവശ്യമായത്  എന്താണ് ? ഭക്ഷണം..!! ഭക്ഷണമില്ലാതെ ഒരാൾക്ക് ജീവിക്കുക എന്ന് പറയുന്നത് അസാധ്യമാണ്. സത്യം പറഞ്ഞാൽ ഭക്ഷണം കഴിക്കാനാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് തന്നെ. പട്ടിണിയില്ലാതെ ഭക്ഷണം കഴിക്കണമെങ്കിൽ നല്ലൊരു ജോലി അനിവാര്യമാണ്. നല്ലൊരു ജോലി വേണമെങ്കിൽ വിദ്യാഭ്യാസം നിർബന്ധമാണ്. ഇതു മൂന്നും ഒരു ചങ്ങലയിൽ കോർത്ത് നിർബന്ധമായ മൂന്ന് ഘടകങ്ങളാണ്. ലോകത്തിലെ ബിസിനസ് മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം. പട്ടിണികിടന്നാലും മക്കളെ പഠിപ്പിക്കണം എന്ന് കരുതപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എന്തു കൊടുത്തു മക്കളെ നല്ലൊരു നിലയിൽ എത്തിക്കണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ആണ് നമുക്ക് ചുറ്റും ഉള്ളത്. അതുതന്നെയാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ വളർച്ചയ്ക്ക് ഉണ്ടാവുന്ന പ്രധാന കാരണം.

 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Vikas Bahl സംവിധാനം ചെയ്ത  കൃതിക് റോഷൻ പ്രധാനകഥാപാത്രമായി  അഭിനയിച്ച ചിത്രമാണ് സൂപ്പർ 30. ആനന്ദ് കുമാർ  എന്ന വ്യക്തിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആനന്ദ്  മാത്തമാറ്റിക്സ് ജീനിയസ് ആണ്. പഠനകാലത്ത്  ഒരുപാട് അവാർഡുകൾ നേടി കൂടിയ വ്യക്തി കൂടിയാണ് നായകൻ. അച്ഛൻ ഒരു പോസ്റ്റുമാൻ ആണ്. സാമ്പത്തികമായി കുറച്ചു പിറകോട്ടു നിൽക്കുന്ന കുടുംബം. തുടർപഠനത്തിനായി ഇന്ത്യയുടെ പുറത്തേക്ക് പഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നു. 

ചില പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹത്തിന് അതിനു സാധ്യമാകുന്നില്ല. കഴിവുണ്ടായിട്ടും അയാൾക്ക' തെരുവിൽ കുറഞ്ഞ പൈസക്ക് ജോലിചെയ്യേണ്ടി വരുന്നു. ഈ സമയത്താണ്  അയാൾക്ക് അന്നത്തെ വലിയൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ലഭിക്കുന്നത്. ഉയർന്ന ശമ്പളവും  പ്രശസ്തിയും എല്ലാം ഉണ്ടെങ്കിൽ കൂടിയും അദ്ദേഹം അതിന് ആ ജോലിയിൽ തുടരാൻ സാധിക്കുന്നില്ല. ശേഷം നടക്കുന്ന ചരിത്രത്തിൽ എഴുതപ്പെട്ട കാര്യങ്ങൾ ആണ് സിനിമ ചർച്ച ചെയ്യുന്നത്.

ആദ്യപകുതി ആനന്ദ് കുമാറിൻറെ ജീവിതത്തിലെ നേട്ടങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു. ഇൻറർവെൽ സീനുകളും അതിനുമുമ്പുള്ള സീനുകളും രോമാഞ്ചം  തരുന്ന രീതിയിലുള്ളതായിരുന്നു. രണ്ടാം പകുതി ത്രില്ലർ ഡ്രാമ വിഭാഗത്തിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. മികച്ച ഒരു അവസാനവും സിനിമ സമ്മാനിക്കുന്നുണ്ട്.

ലോക സുന്ദരിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന കൃതിക്ക് റോഷൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തെ ഒരു സാധാരണക്കാരൻ ആക്കിയെടുക്കാൻ മേക്കപ്മാൻ നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ചുരുക്കം. സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ നിന്ന് ഒരു സാധാരണക്കാരൻ എന്ന രീതിയിലേക്ക് മാറുമ്പോൾ അദ്ദേഹത്തിന് വന്ന മേക്കോവർ നല്ല രീതിയിൽ തന്നെ വിജയിച്ചിട്ടുണ്ട്. അതിനോടൊപ്പം അദ്ദേഹത്തിൻറെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. വർഷങ്ങളായി കണ്ടുവരുന്ന ഒരു ഹൃതിക് റോഷനെ അല്ല ഈ സിനിമയിൽ കാണുന്നത്. അദ്ദേഹത്തിൻറെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നു തന്നെ നിഷ്പ്രയാസം പറയാം.

മികച്ച തിരക്കഥയും ഗംഭീര സംവിധാനവും ഈ ചരിത്രസംഭവത്തിന് മാറ്റ് ഒന്നുകൂടി കൂട്ടുന്നു. സംവിധായകനും തിരക്കഥാകൃത്തും ഒരു പോലെ തന്നെ കയ്യടി അർഹിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് Sanjeev Dutta ആണ്. ഒരു കൂട്ടം പുതുഖങ്ങളാണ് സിനിമയിൽ ഉടനീളം ഉള്ളത്. അധികവും പ്രായം വളരെ കുറഞ്ഞവരായിരുന്നു . അവരുടെ പ്രകടനവും മികവുറ്റതായിരുന്നു. നായികയ്ക്ക് കാര്യമായി ഒന്നും തന്നെ സിനിമയിൽ ചെയ്യാനില്ലായിരുന്നു. പക്ഷേ നായകൻറെ ജീവിതത്തിലെ ഒരു വലിയ ടേണിങ് പോയിൻറ് കാരണമാകുന്നത് നായിക തന്നെ.

സിനിമയിലെ ഗാനം പശ്ചാത്തലസംഗീതവും വളരെ മികച്ചതായിരുന്നു. പശ്ചാത്തലസംഗീതം ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയെ കൂടുതൽ ത്രില്ലർ വിഭാഗത്തിലേക്ക് അടുപ്പിക്കാൻ പശ്ചാത്തല സംഗീതത്തിന് നല്ല രീതിയിൽ സാധിച്ചിട്ടുണ്ട്. എഡിറ്റിംഗ്, VFX എന്നിവ നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സിനിമയിൽ കാര്യമായ പോരായ്മകൾ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. തോന്നിയ ഒരു കാര്യം പറയാം. തൊണ്ണൂറുകളുടെ കഥയാണ്  സിനിമ പറയുന്നത്. കഥാപാത്രങ്ങളുടെ വസ്ത്രധാരണ പ്രധാന  കഥാപാത്രങ്ങൾക്ക് നല്ല രീതിയിൽ വന്നെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകളുടെ വസ്ത്രധാരണം ഇപ്പോഴത്തെ ട്രെൻഡ് ഉള്ളവയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ബന്ധം ഇല്ലായ്മ  ഇടയ്ക്കിടയ്ക്ക് അനുഭവപ്പെട്ടു.

ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ശക്തമായി സിനിമ സംസാരിക്കുന്നുണ്ട്. ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും ചിത്രം  വിവരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ  അഴിമതികളും വിദ്യാഭ്യാസം കച്ചവടം ആകുമ്പോൾ  പാവപ്പെട്ടവർ നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്ന് എങ്ങനെ അതിജീവിക്കാം എന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു.

ഈ സിനിമ നിങ്ങളെ അത്ഭുതപ്പെടുത്തും ചിന്തിപ്പിക്കും കഥാപാത്രങ്ങളുടെ കൂടെ ഒരു ഭാഗമായി പ്രേക്ഷകരെയും മാറ്റിയെടുക്കും. ഏതൊരു ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട  ഒരു MUST WATCH സിനിമ തന്നെയാണ് സൂപ്പർ 30. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ ഹിസ്റ്റോറിക്കൽ മൂവി എന്നുതന്നെ സൂപ്പർ 30യെ  വിശേഷിപ്പിക്കാം. തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. ഇന്ത്യൻ സിനിമയിൽ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അവതരിപ്പിച്ച ഗംഭീര സിനിമ.

4.5/5 RGP VIEW

അഭിപ്രായം വ്യക്തിപരം

RGP VIEW

2 comments:

Latest

Get out (2017)