Saturday, July 13, 2019

143. Miss Violence (2013) GREEK

RGP VIEW 143
Miss Violence


(2013)    |    98 min   |  Drama   |    Greece

Director: Alexandros Avranas

കുടുംബം ആകുമ്പോൾ പ്രശ്നങ്ങളും പ്രതിസന്ധികളും പതിവാണ്. ചെറിയ ചെറിയ പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ ഒന്നുമില്ല. അവരവരുടേതായ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ആകുമ്പോഴേ ഒരു കുടുംബം പൂർണ്ണതയിൽ എത്തുകയുള്ളൂ. അങ്ങനെയുള്ള ജീവിതമേ രസമുള്ളൂ. ആ കുടുംബബന്ധങ്ങൾക്കെ നിലനിൽപ്പുള്ളൂ എന്നതാണ് സത്യം.

Alexandros Avranas സംവിധാനം ചെയ്ത 2013ൽ പുറത്തിറങ്ങിയ ഗ്രീക്ക് സിനിമയാണ് മിസ്സ് വയലൻസ്.
ഏതൊരു ഫാമിലിയും ഏറെ സന്തോഷിക്കുന്നു ദിനങ്ങളിൽ ഒന്നാണ് കുട്ടികളുടെ ജന്മദിനം. അങ്ങനെ ഒരു ബർത്ത് ഡേ പാർട്ടിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മനോഹരമായി അലങ്കരിച്ച ഹാൾ. മകളുടെ 11ന്നാം പിറന്നാൾ ആഘോഷിക്കുന്ന കുടുംബം. കുടുംബത്തിലെ എല്ലാ അംഗങ്ങളും അവിടെ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും വളരെ സന്തോഷത്തിലാണ്. ആ കുടുംബത്തെ കണ്ടാൽ അതിലൊരു അംഗമാകാൻ നമുക്ക് തോന്നിപ്പോകും. ബർത്ത് ഡേ ഗേൾ കേക്ക് മുറിച്ചു. എല്ലാവരും അവളെ വിഷ് ചെയ്തു. എല്ലാവർക്കും അവൾ കേക്ക് നൽകി.

പെട്ടെന്നാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എല്ലാവർക്കും കേക്ക് കൊടുത്തശേഷം 11 വയസ്സുള്ള ബർത്ത് ഡേ ഗേൾ വീടിൻറെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി  ആത്മഹത്യചെയ്തു. സന്തോഷം എല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചു. തുടർന്നുള്ള കഥയാണ് മിസ്സ് വയലൻസ് എന്ന ചിത്രം പറയുന്നത്.

നിഗൂഢത നിറഞ്ഞ മരണം. എന്തിനാണ് ആ കുട്ടി ആത്മഹത്യ ചെയ്തത് എന്നതിൻറെ ഉത്തരം അന്വേഷിച്ചാണ് കഥ പിന്നീട് നിൽക്കുന്നത്. പക്ഷേ ആ ഉത്തരം അറിയുമ്പോൾ നിങ്ങൾ ഈ സിനിമയെ തന്നെ  വെറുക്കും. ഗ്രീക്ക് പശ്ചാത്തലം,  അവരുടെ ജീവിത ശൈലി,  അവരുടെ വരുമാനമാർഗ്ഗം,  സംസ്കാരം തുടങ്ങി പലതിനെയും കുറിച്ച് സിനിമ പച്ചയായി കാണിക്കുന്നുണ്ട്.

 ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണെങ്കിലും നിഗൂഢത സിനിമയിലുടനീളം ഒളിപ്പിച്ചു വെക്കുന്നുണ്ട്. പക്ഷേ സിനിമ വളരെ സാവധാനമാണ് നീങ്ങുന്നത്. മനസ്സിനെ വല്ലാതെ തളർത്തുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഡിസ്റ്റ്ബിങ്  സിനിമകളിൽ  ഇടം പിടിച്ച ചിത്രമാണ് മിസ്സ് വയലൻസ്. കൂടാതെ ഇറോട്ടിക് വിഭാഗത്തിൽ പെടുന്ന സിനിമ കൂടിയാണിത്.

സിനിമകളുടെയും ജീവൻ എന്നത് പശ്ചാത്തലസംഗീതമാണ്. ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഇല്ല. സംഗീതം ഇല്ലാതെ എന്തു സിനിമ?  ചിന്തിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ വളരെ മികച്ചതായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രധാനകാര്യം. ചുരുക്കിപ്പറഞ്ഞാൽ പശ്ചാത്തല സംഗീതത്തിന് ഒരു കുറവും സിനിമയിൽ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം. ബിജിഎം ഇല്ല എന്ന സത്യം ഞാൻ മനസ്സിലാക്കുന്നത് സിനിമ കണ്ടതിനു ശേഷം മാത്രമാണ്. ഡയറക്ടർ ബ്രില്ല്യൻസ് എന്ന നിഷ്പ്രയാസം പറയാൻ പറ്റുന്ന സംഗതി. അതൊരു പുതിയ അനുഭവമായിരുന്നു. സിനിമ മുഴുവൻ നിശബ്ദമാണ്. പഴമയിലേക്ക് സഞ്ചരിക്കാത്ത പുതിയൊരു അനുഭവമാണ് ഈ ചിത്രമൊരുക്കുന്നത്.
കഥാപാത്രങ്ങളോട് പലരോടും ശക്തമായ വെറുപ്പാണ് തോന്നിയത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്നുപോലും ചിന്തിച്ചു പോകും. ഈ സിനിമ കണ്ടവർക്ക് ഞാൻ കാര്യം വ്യക്തമായി മനസ്സിലാകും എന്ന് കരുതുന്നു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അതിൻറെ തോത് കുറച്ച് ഇറക്കിയ സിനിമയാണ് മിസ്സ് വയലൻസ്. ചെറിയ തലത്തിൽ ചെയ്തിട്ടും ഇങ്ങനെയൊരു എഫക്ട് സിനിമയ്ക്ക് സമ്മാനിക്കാൻ കഴിയുമെങ്കിൽ യഥാർത്ഥ സംഭവം എത്ര ഭയാനകമായിരിക്കും എന്ന് ചിന്തിക്കാം. ഒരുപാട് നിരൂപകപ്രശംസ കിട്ടിയ ഗ്രീക്ക് ചിത്രമാണിത്. കണ്ടിരിക്കേണ്ട ഒരു സിനിമ.

 എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു സിനിമയാണോ എന്ന് ചോദിച്ചാൽ അല്ല എന്നും ആണ് എന്നും രണ്ടു ഉത്തരങ്ങളുണ്ട്. ഡിസ്റ്റ്ബിങ് ഡ്രാമാറ്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം. അല്ലാത്തവർക്ക് ഈ സിനിമയോട് ഒരു വെറുപ്പ് ആയിരിക്കും. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു മൂവി ആവാൻ സാധ്യതയില്ല. നമ്മുടെ മനസ്സിനെ കുറച്ചുദിവസത്തേക്ക് അസ്വസ്ഥനാക്കാൻ ഉള്ളത് ഈ ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ സിനിമയിലുണ്ട്. കാരണം സിനിമ കണ്ടു കഴിഞ്ഞാൽ സംഭവം മനസ്സിൽ തന്നെ കിടക്കും. അത് അനുഭവിച്ചറിയുക.
 ഒരു വേറിട്ട സിനിമാനുഭവം.

4/5 RGP VIEW

7.1/10 IMDb
81% Rotten Tomatoes
75% Metacritic
85% liked this film Google users

 അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)