Saturday, June 29, 2019

136.Luca (2019) MALAYALAM

RGP VIEW 136
Luca

 (II) (2019)
151 min   |  Comedy, Romance, Thriller

Director: Arun Bose

ലോകത്തിൽ രണ്ടു തരം ആളുകൾ ഉണ്ട്. ഒന്ന് നമ്മൾ സന്തോഷിപ്പിക്കുന്നവരും രണ്ടു നമ്മളെ സന്തോഷിപ്പിക്കുന്നവരും. രണ്ടുപേരും ചെയുന്നത് ഒരു കാര്യം തന്നെ ആണെങ്കിലും രണ്ടിനും രണ്ടു അനുഭവങ്ങളാണ്. മനസറിഞ്ഞു ഒരാളെ സന്തോഷിപ്പിക്കുക എന്ന് പറയുന്നത് നിസാരസംഭവം ഒന്നും അല്ല. കൂടാതെ എളുപ്പവും അല്ല. ഇങ്ങനെ ഉള്ള ഒരാളെ കിട്ടുക എന്നത് ഭാഗ്യം അല്ലെ? നമ്മുക്ക് ഒരാളെ സന്തോഷിപ്പിക്കാൻ സാധിച്ചു എങ്കിൽ അത് വലിയ അനുഗ്രഹം അല്ലേ.?  ഒരു സിനിമയ്ക്ക് ഇതിനു സാധിച്ചല്ലോ ???? 

അരുൺ ബോസ്സിന്റെ സംവിധാനത്തിൽ  ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ലൂക്ക. കഴിഞ്ഞ ആഴ്ചയും ടോവിനോയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. ഇതിൽനിന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ടോവിനോ ഒരുപാട് ഇംപ്രൂവ്മെൻറ് ഉള്ള നടനാണ്.

ലൂക്ക പറ്റി പറയണമെങ്കിൽ ആദ്യം ലൂക്ക ആരാണെന്ന് അറിയണം. ചിത്രം വരയും ആർട്ടും കുറച്ചു സേവനങ്ങളും ഒക്കെ ആയി ജീവിക്കുന്ന നായകനാണ് ലൂക്ക. അയാളുടെ ജീവിതവുമായി അധികമാർക്കും പ്രവേശനമില്ല. ഒറ്റ തടിയാണ് കക്ഷി. വിരലിലെണ്ണാവുന്ന ബന്ധങ്ങൾ മാത്രമേ ലൂക്കക്ക് ഉള്ളൂ. അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു യുവതി കടന്നുവരുന്നു. ശേഷം അവരുടെ പ്രണയവും കൊച്ചു സന്തോഷങ്ങളും തമാശകളും ഒക്കെയാണ് ചിത്രം പറയുന്നത്.

മലയാളത്തിൽ തന്നെ വളരെ പക്വതയാർന്ന പ്രണയം ചർച്ചചെയ്യപ്പെട്ട സിനിമയായിരുന്നു മായാനദി. ടോവിനോ തോമസ് തന്നെയായിരുന്നു അതിലും നായകൻ. മറ്റൊരു പ്രണയ ചിത്രവും ആയിട്ടാണ് ഇത്തവണയും ടോവിനോ തോമസ് വരുന്നത്. പ്രണയമെന്ന പൂർണമായും വിശേഷിപ്പിക്കാൻ കഴിയില്ല. സിനിമയുടെ ആരംഭം ത്രില്ലർ സ്വഭാവത്തിലാണ്. നിലവിൽ ഇറങ്ങിയ ലൂക്കയുടെ പാട്ടുകളും ട്രെയിലറും മറ്റൊരു ഫീൽ ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. ട്രെയിലറിൻറെ അവസാനത്തിൽ കുറച്ചു ത്രില്ലർ സീക്വൻസുകളും ഉണ്ടായിരുന്നു. സിനിമയുടെ തുടക്കം ത്രില്ലർ സ്വഭാവത്തിലാണ്. ഇത് കണ്ടപ്പോൾ പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാനുള്ള സംവിധായകൻറെ മാർക്കറ്റിംഗ് സ്റ്റൈൽ ആണോ എന്നുവരെ ചിന്തിച്ചുപോയി. കാരണം പ്രമോഷനുവേണ്ടി സിനിമയുടെ പിന്നണി പുറത്തുവിട്ട വീഡിയോ ക്ലിപ്പുകളും നേരെ വിപരീതമായിരുന്നു. തുടങ്ങുന്ന സമയത്ത് മറ്റു പല കഥാപാത്രങ്ങളിലൂടെ കഥ പോയെങ്കിലും അവസാനം എത്തിച്ചേരുന്നത് നായകനിൽ തന്നെ.

അവരുടെ കഥയിലേക്ക് കടന്നപ്പോൾ സിനിമ വേറിട്ട ഒരു അനുഭവം തന്നെയാണ് സമ്മാനിച്ചത്. പ്രണയവും  കുടുംബവും ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങളും എല്ലാമാണ് ലൂക്ക ചർച്ചചെയ്യുന്നത്. ലൂക്കയുടെ മാത്രമല്ല പോലീസ് ഓഫീസറായ അക്ബറിൻറെ പ്രണയവും ജീവിതവും ചിത്രം ചർച്ചചെയ്യുന്നുണ്ട്. ഇംഗ്ലീഷ് സിനിമയിൽ നോട്ട്ബുക്ക് പോലെ അല്ലെങ്കിൽ clint eastwood'ൻറെ മകൻ  കേന്ദ്ര കഥാപാത്രത്തിൽ എത്തിയ the longest ride എന്നപോലെ സിനിമയിൽ രണ്ട് പ്രണയകഥകൾ ഉണ്ട്. പക്ഷേ പൂർണ്ണമായ ഒരു ലൗ സ്റ്റോറി അല്ല ലൂക്ക. ഒരു കംപ്ലീറ്റ്‌ലി ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രം.

തുടക്കത്തെ പല സീനുകളും ത്രില്ല് അടിച്ചു എങ്കിലും പിന്നീട് കഥ പതിയെ ഡ്രാമ റൊമാൻസിലേക്ക് വഴിമാറി. സിനിമയുടെ അവസാനം ഒരു നല്ല ട്വിസ്റ്റ് വന്നിട്ടുണ്ട്. മനോഹരമായി ഒരു ഫീൽ  ഗുഡ് സിനിമയിൽ ലൂക്ക അവസാനിക്കുന്നത്. ലൂക്ക എന്ന കഥാപാത്രം മലയാള സിനിമയിൽ ഇറങ്ങിയ ചാർലി എന്ന കഥാപാത്രവുമായി കുറച്ചു സാമ്യങ്ങൾ ഉള്ളതുപോലെ തോന്നി. പക്ഷേ രണ്ടു സിനിമകളും രണ്ടു കഥകളാണ് ചർച്ച ചെയ്യുന്നത്. 

സിനിമയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഘടകം പക്വതയാർന്ന തിരക്കഥ തന്നെയാണ്. കാരണം സംഭാഷണത്തിൽ എല്ലാം ഒരു റിയാലിറ്റി ഉണ്ടായിരുന്നു. സാധാരണക്കാരൻറെ ഭാഷയാണ് തിരക്കഥയിൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തിരക്കഥയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ഒക്കെ മലയാളത്തിൽ ഇറങ്ങിയത് ആണെങ്കിലും സന്ദർഭത്തിനനുസരിച്ച് ഉള്ള ഒരു റിയൽ ഫീൽ തരാൻ സംഭാഷണത്തിന് എല്ലാം സാധിച്ചിട്ടുണ്ട്. കൂടാതെ മികച്ച സംവിധാന അനുഭവം തന്നെയാണ് സിനിമ എനിക്ക് സമ്മാനിക്കുന്നത്. നല്ല അവതരണം തന്നെയാണ് അരുൺ ബോസ് കാഴ്ചവച്ചത്. അരുൺ ബോസ് സംവിധാനം തുടരണം, നല്ല സിനിമകൾ ഉണ്ടാവണം. പാട്ടുകൾ എല്ലാം ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം സിനിമയ്ക്ക് പുതുജീവനേകി. വളരെ പതുക്കെയാണ് സിനിമയുടെ സഞ്ചാരം. അത് ചെറിയ ലാഗിലേക്ക് എത്തിക്കുന്നുണ്ട്. അടുത്ത സീനിൽ ആ പ്രശ്നം കവർ ചെയ്യുന്നുണ്ട്. പക്ഷേ ഇടയ്ക്കിടെ ഈ പ്രശ്നം വന്നു കൊണ്ട് ഇരുന്നു. അതാണ് ഒരു പ്രധാന പോരായ്മയായി തോന്നിയത്.

എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമയാണോ എന്ന് ചോദിച്ചാൽ ഞാൻ ആദ്യം എൻറെ കാര്യം പറയണം. ഒരു അമിത പ്രതീക്ഷയും ഇല്ലാതെ തിയേറ്ററിൽ കയറി ഒരു വ്യക്തിയാണ് ഞാൻ. മനോഹരമായ ഒരു ചിത്രമാണ് ലൂക്കാ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ സിനിമയുടെ അവസാനം തീയേറ്ററിൽ നിന്ന് വന്ന കയ്യടി ശബ്ദം ഞാൻ അത്ര ഭയാനകമായി കേട്ടില്ല. അതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് എന്ന കാര്യം എനിക്ക് സംശയമുണ്ട്. ഫീൽ ഗുഡ്  സിനിമകളും ഡ്രാമകളും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. എന്തായാലും ചിത്രം കണ്ടു വിലയിരുത്തുക. ലൂക്ക നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

3.5/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW  

No comments:

Post a Comment

Latest

Get out (2017)