Monday, June 24, 2019

134. Thamaasha (2019) MALAYALAM

RGP VIEW 134
Thamaasha

 (2019)    |     120 min   |  Comedy

സംവിധാനം: Ashraf Hamsa

സത്യത്തിൽ എന്താണ് തമാശ..? നമ്മൾ സിനിമയിൽ തമാശ കാണാറുണ്ട്.. സ്കിറ്റുകൾ കാണാറുണ്ട്…തമാശ എല്ലാവർക്കും ഇഷ്ടമാണ്.നമ്മൾ കൂട്ടുകാരോടൊപ്പം പലപ്പോഴായി തമാശകളിൽ ഏർപ്പെടാറുണ്ട്. അത് അധികവും കൂട്ടുകാരെ ആക്കിയോ മറ്റുള്ളവരെ കളിയാക്കി അങ്ങനെ ആനന്ദം കണ്ടെത്തുന്നവരാണ് .ജനറേഷൻ മാറുംതോറും തമാശയുടെ സ്റ്റൈലും മാറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് തമാശകൾ ട്രോൾ വഴി ആകുമ്പോൾ അത് ആളുകളിലേക്ക് പെട്ടെന്ന് എത്തിക്കാൻ സഹായിക്കുന്നു. ട്രോളുകൾ മുഖാന്തരം പല വലിയ കാര്യങ്ങളും തമാശ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് അതിൻറെ ഇംപാക്ട് നല്ല രീതിയിൽ തന്നെ ആളുകളിലേക്ക്  എത്തിക്കാൻ നമുക്ക് സാധിക്കുന്നു. അത് നല്ല കാര്യമല്ലേ. അതുകൊണ്ടുതന്നെ ട്രോളുകൾക്ക് നമ്മുടെ ഇടയിൽ സ്ഥാനം ചെറുതല്ല.

കുറേക്കാലമായി സ്ക്രീനിൽ കാണാത്ത ഒരു മുഖം. വിനയ് ഫോർട്ട്. നല്ലൊരു ഗ്യാപ്പിനു ശേഷം അദ്ദേഹം കേന്ദ്രകഥാപാത്രമായി വരുന്ന ഒരു സിനിമയുടെ പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോസ്റ്റർ നന്നായിരുന്നു. നല്ല നാടൻ പോസ്റ്റർ. പക്ഷേ ഞെട്ടിച്ച വസ്തുത അതിലെ പ്രൊഡക്ഷൻ ടീം അംഗങ്ങളാണ്.
ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പൻ വിനോദ്, സമീർ താഹിർ, ഷൈജു ഖാലിദ് തുടങ്ങിയവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഏതൊരു സിനിമ സ്നേഹിക്കും പ്രതീക്ഷിക്കാൻ ഇതിലപ്പുറം എന്താണ് വേണ്ടത് ?

നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് തമാശ.
സത്യത്തിൽ തമാശ ഒരൊന്നൊന്നര തമാശ തന്നെയാണ്. കഥയിലേക്ക് വരാം.  വളരെ നിഷ്കളങ്കനാണ് ഇതിലെ നായകൻ. നായകൻ ഒരു കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹത്തിന് മുടിയില്ല. കോളേജിൽ കുട്ടികളുടെ ഇടയിൽ വലിയ വിലയൊന്നും ഇല്ല. 31 വയസ്സ് ആയെങ്കിലും കഷണ്ടിയുടെ പേരിൽ പല കല്യാണ ആലോചനകളും മുടങ്ങിപ്പോകുന്ന അവസ്ഥയിലാണ് മാഷ് ഇരിക്കുന്നത്. ആരും പെണ്ണ് വരാത്ത അവസ്ഥ. അൺസഹിക്കബിൾ അവസ്ഥ എന്തെന്നുവെച്ചാൽ 31 വയസ്സ് കഴിഞ്ഞാൽ പുള്ളിക്ക് സന്യാസി യോഗമാണ് . ആകെ വിഷമം പിടിച്ച അവസ്ഥ. തൻറെ കഷണ്ടി കാരണം മാഷ് മാഷിനെ തന്നെ വെറുത്തു തുടങ്ങി. പെണ്ണുകണ്ടു പെണ്ണുകണ്ടു അവസാനം മാഷ് ഒരു തീരുമാനത്തിലെത്തി. പെണ്ണുകാണൽ ചടങ്ങ് ഇനി തൻറെ ജീവിതത്തിൽ ഉണ്ടാവില്ല. പകരം തനിക്ക് വേണ്ട ആളെ താൻ തന്നെ കണ്ടുപിടിക്കും എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. പാപി ചെന്നിടം പാതാളം എന്ന് പറയുന്നതുപോലെ അതാണ് മാഷിൻറെ അവസ്ഥ.എല്ലാം പ്രശ്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അയാൾ ഒന്നിലും തളരുന്നില്ല. ശേഷം അദ്ദേഹത്തിൻറെ കണ്ടെത്തലുകളും പ്രണയവുമാണ് ചിത്രം പറയുന്നത്.

കുറച്ചായി റിയലിസ്റ്റിക് സിനിമകൾ മലയാളത്തിൽ ഒരുപാട് ഇറങ്ങുന്നുണ്ട്. ഈവർഷം വിജയിച്ച സിനിമകളിൽ റിയലിസ്റ്റിക് ചിത്രങ്ങൾ ഒരുപാടുണ്ട് താനും.
ആ വിജയങ്ങളിൽ ഇനി ഒന്നുകൂടി "തമാശ". നല്ല അഭിപ്രായങ്ങൾ കേട്ടു അതുകൊണ്ട് തന്നെയാണ് സിനിമയ്ക്ക് കയറിയത്. സിനിമയ്ക്ക് കയറുന്നതിനുമുമ്പ് മനസ്സിലുണ്ടായ ഏക സംശയം തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്ന അവസ്ഥയാകുമോ എന്നാണ്. പക്ഷേ അതിർത്തികൾ പൊളിച്ച് എറിഞ്ഞു ഉള്ള പ്രകടനം അല്ലെങ്കിൽ വിനയ് ഫോർട്ട്ൻറെ ഗംഭീര തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചു ചിത്രം. സിനിമയുടെ കഥയാണെങ്കിലും കഥാപാത്രമാണെങ്കിലും വിനയ് ഇതുവരെ ചെയ്ത ഏറ്റവും മികച്ച സിനിമ തമാശ തന്നെയാണെന്ന് നിഷ്പ്രയാസം വിശേഷിപ്പിക്കാം. അത്രയ്ക്കും ഗംഭീരമായിരുന്നു അദ്ദേഹത്തിൻറെ പ്രകടനം. പ്രേമത്തിലെ മാഷിനെകാൾ ത്രിബിൾ സ്ട്രോങ്ങ് ആണ് ഈ മാഷ്. കയ്യടി അർഹിക്കുന്ന പ്രകടനം. കഥാപാത്രങ്ങൾ അധികവും പരിചിതമായ മുഖങ്ങൾ. എല്ലാവരുടെയും വളരെ റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ഒരുപാട് ചിരിക്കാനുണ്ട്. പക്ഷേ അതെല്ലാം സിറ്റുവേഷൻ കോമഡികൾ ആയിരുന്നു എന്നത് മികച്ച സ്പ്രിംഗ് ഉദാഹരണമാണ്. വിനയ് ഫോർട്ട് ഒപ്പം കോളേജിൽ സഹപ്രവർത്തകൻ ആയി അഭിനയിച്ച വ്യക്തി. അദ്ദേഹം വളരെ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്.

ആദ്യപകുതി തമാശ ഒരുപാട് ചിരിക്കാനുണ്ട്. പെട്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കുന്നതാണ് ആണെങ്കിലും interval രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ വിനയ് ഫോർട്ടിന്റെ പങ്കും സംവിധായകൻറെ പങ്കു ചെറുതല്ല. രണ്ടാം പകുതി ആദ്യമൊക്കെ നല്ല രീതിയിൽ പോയെങ്കിലും കഥയിലെ കാമ്പിലേക്ക് അടുത്തപ്പോൾ ചെറിയ ഒരു ലാഗ് അനുഭവപ്പെട്ടു. പക്ഷേ സിനിമയുടെ അവസാനം ആകുമ്പോഴേക്കും പഴയ ഗ്രാഫിലേക്ക് സിനിമ തിരിച്ചെത്തുന്നുമുണ്ട്.എന്തായാലും ആദ്യ പകുതിയുടെ  അത്ര ഇല്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഒരു കട്ട ഫീൽ ഗുഡ് അനുഭവമാണ് എനിക്ക് ലഭിച്ചത്.

റിയലിസ്റ്റിക് പശ്ചാത്തലം അതിനോടൊപ്പം മനസ്സ് നിറയ്ക്കുന്ന കുറെ പാട്ടുകൾ. പാട്ടുകൾ എല്ലാം കേൾക്കാൻ സുഖം ഉള്ളതായിരുന്നു. പല സീനുകളുടെയും ആഴം നിലനിർത്താൻ ഗാനത്തിനും പശ്ചാത്തലസംഗീതത്തിലും സാധിച്ചു.
ഗാനങ്ങൾ ഇടയ്ക്കിടെ കയറി വരുന്നുണ്ടെങ്കിലും അതൊരു പ്രശ്നമായി തോന്നിയില്ല. ടൈറ്റിൽ വരുന്ന സമയത്തെ ബിജിഎം വളരെ മനോഹരമായി തോന്നി. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സമീർ താഹിർ ആണ്. മികച്ച അല്ലെങ്കിൽ മനോഹരമായ ഒരുപാട് ഫ്രെയിമുകൾ സിനിമയിലുണ്ട്. എഡിറ്റിംഗ്, കളറിംഗ് എന്നിവ വളരെ നന്നായിരുന്നു. അഷ്റഫ് ഹംസയുടെ ആദ്യ സിനിമയാണ് എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഒരു നവാഗത സംവിധായകൻ പോരായ്മകൾ ഒന്നും തന്നെ എനിക്ക് അധികം സിനിമയിൽ ഫീൽ ചെയ്തില്ല. ചെറിയ സ്റ്റാർ കാസ്റ്റിൽ പിറന്ന ഈ ചിത്രത്തെ ഇത്ര ഗംഭീരമായി അവതരിപ്പിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.

ആദ്യപകുതി തമാശ നിങ്ങളെ ഒരുപാട് ചിരിപ്പിക്കും. രണ്ടാം പകുതി നിങ്ങളെ ചെറുതായി കണ്ണ് നനയിച്ചു ചിരിപ്പിക്കും. സമൂഹത്തിൽ കഷണ്ടി പോലെ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന പലതിനെയും സിനിമ നല്ല രീതിയിൽ വിമർശിക്കുന്നുണ്ട്. ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച ഒരു മലയാളം സിനിമ തന്നെയാണ് തമാശ. എല്ലാത്തരം പ്രേക്ഷകർക്കും കുടുംബത്തോടും അല്ലാതെയും പോയി കാണാൻ പറ്റുന്ന ഒരു ഡീസെൻറ് മലയാളം സിനിമ. റിയലിസ്റ്റിക് സിനിമകളാണ്  നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം തമാശ നിങ്ങളെ നിരാശപ്പെടുത്തില്ല. വളരെ മികച്ച അനുഭവം. 

3.75/5 RGP VIEW

IMDb: 8.4/10

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)