Sunday, April 28, 2019

Oru Yamandan Premakadha (2019) MALAYALAM

RGP VIEW 116
Oru Yamandan Premakadha 


(2019)     165 min   |  Comedy, Drama, Romance

Director: B.C. Noufal

മലയാളത്തിലെ  യുവതാരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. കഴിവുള്ള നടനാണ്. പക്ഷേ ആ കഴിവ്  സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതിൽ പലപ്പോഴും കാണാറില്ല. താരത്തിൻറെ അവസാന ചിത്രം സോളോ ആയിരുന്നു.  അഞ്ചു സുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങിയ ആന്തോളജി മൂവി.പരീക്ഷണ സിനിമകളോട് പൊതുവേ താല്പര്യമുള്ള എനിക്ക് എന്തുകൊണ്ടോ  സോളോ നിരാശ മാത്രമാണ് സമ്മാനിച്ചത്. അതിനു ശേഷം കർവാൻ ഇറങ്ങിയെങ്കിലും വലിയ ചലനങ്ങളൊന്നും സിനിമയ്ക്ക് സൃഷ്ടിക്കാനായില്ല. ദുൽഖർ സൽമാൻറെ ചിത്രത്തിനായി പ്രേക്ഷകർ ഒന്നരവർഷം കാത്തിരുന്നപ്പോൾ ആ സമയത്തും ഞാൻ പ്രതീക്ഷിച്ചത് മികച്ച തിരിച്ചു വരവ് തന്നെയാണ്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ കൃതിക് റോഷൻ എന്നീ സിനിമകൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ & ബിബിൻ കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ലല്ലു എന്ന കഥാപാത്രത്തിലൂടെയാണ് കഥ പോകുന്നത്. കാശുള്ള വീട്ടിലെ കുട്ടിയാണെങ്കിലും കൈത്തൊഴിൽ ചെയ്തു  ജീവിക്കുന്ന വ്യക്തി. നാട്ടുകാർക്ക് വളരെ സഹായിയും നിഷ്കളങ്കനും സത്യസന്ധനും ആണ് നമ്മുടെ നായക പുരുഷൻ. അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളിലൂടെ കഥ വികസിക്കുന്നു.

സാധാരണ കണ്ടുവരുന്ന  ദുൽഖർ സിനിമകളിൽനിന്ന്  കുറച്ചു മാറിയാണ് ഈ ചിത്രം. പ്രധാന കാരണം സിനിമ ഗ്രാമാന്തരീക്ഷത്തിലാണ് നടക്കുന്നത്. ഫ്രീക്ക് ലുക്കിൽ നിന്ന് ഗ്രാമവാസി എന്ന തിയറി ഇതിലൂടെ ദുൽഖർ മാറ്റിയെഴുതി. കഴിഞ്ഞ സിനിമകൾ പോലെ ചിരി പടം തന്നെയാണ് യുവ  കഥാകൃത്തുക്കൾ സമ്മാനിക്കുന്നത്. പല സീനുകളും പൊട്ടി ചിരിച്ചെങ്കിലും അതേപോലെതന്നെ വെറുതെ കോമഡി വേണ്ടി കൂട്ടിയ സീനുകൾ താളം പിഴച്ച പോലെ പലപ്പോഴായി അനുഭവപ്പെട്ടു. ആദ്യപകുതി കോമഡി മസാല പടം സമ്മാനിച്ച് അവസാനിച്ചു. രണ്ടാമത്തെ പകുതി പല ദിശകളിലേക്ക് സിനിമ പോയെങ്കിലും നല്ലൊരു അവസാനത്തിലേക്ക് ചിത്രം എത്തിയില്ല എന്നതാണ് സത്യം. തമാശകൾ നിറഞ്ഞ ചിത്രം. വേറെ ഒന്നും തന്നെ സിനിമ പ്രേക്ഷകർക്ക് നടക്കുന്നില്ല.

ദുൽഖറിൻറെ പ്രകടനം കുഴപ്പമൊന്നും തോന്നിയില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. ഗാനത്തിൽ ദുൽഖർ നല്ല രീതിയിൽ തന്നെ ഡാൻസ് ചെയ്യുന്നുണ്ട്. ദുൽഖർ ഡാൻസ് ചെയ്യുന്ന സിനിമകൾ അധികം ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ തന്നെ അതിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. കഥയിൽ ആവശ്യമില്ലാത്ത ഒരുപാട് കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പല കഥാപാത്രങ്ങൾക്കും ജീവൻ ഉണ്ടായിരുന്നില്ല. സംവിധാനം ശരാശരി മാത്രമായി ഒതുങ്ങിയ പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ എന്നിവരുടെ പാളിപ്പോയ തിരക്കഥകളിൽ ഒന്നാണ് ഒരു യമണ്ടൻ പ്രേമകഥ. ചിരി മാത്രം ലക്ഷ്യം വെച്ച്  മുൻപോട്ടു പോയ സ്ക്രിപ്റ്റ്. അതിൽ ഒരുപാട് ക്ലീഷേകൾ കുത്തിനിറച്ച് ഉണ്ടാക്കിയ ലോജിക് ഇല്ലാത്ത കഥ. സിനിമയിലെ പ്രണയ ഗാനം ഒരുപാട് ഇഷ്ടപ്പെട്ടു. സങ്കടം എന്തെന്നുവെച്ചാൽ മനോഹരമായ ഗാനം പ്ലേ ചെയ്ത സ്ഥലം സിനിമയുടെ ഗ്രാഫ് നല്ല രീതിയിൽ താഴ്ത്തി. അത് വലിയ സംവിധായകൻറെ പാളിച്ചയായി തോന്നി.സംവിധാനത്തിൽ  പാളിച്ചകൾ ഒരുപാട് ഉള്ളത് പോലെ അനുഭവപ്പെട്ടു. 

മുകളിൽ പറഞ്ഞ പോരായ്മകൾ എല്ലാം ഉണ്ടെങ്കിൽ പോലും അവധിക്കാലത്ത് ഫാമിലി ഓഡിയൻസിന് ഇഷ്ടപ്പെടുന്ന ഒരു ചിത്രം തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ. കുട്ടികളുമായി അടിച്ചു പൊളിച്ച് ആഘോഷിച്ചു കാണാവുന്ന ഒരു മസാല എൻറെട്രെയിനർ. പുതുമ  ആഗ്രഹിച്ചു ഈ സിനിമ കാണാൻ പോകരുത്. നേരെമറിച്ച് കോമഡി സിനിമ എന്ന രീതിയിൽ ചിത്രത്തെ വീക്ഷിച്ചാൽ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. ചുരുക്കിപ്പറഞ്ഞാൽ സിനിമയ്ക്ക്  എന്നെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. ശരാശരി ചിത്രം.

2.75/5  RGP VIEW

72% · BookMyShow
7.7/10 · IMDb
3/5 · Sify.com

NB: നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.

അഭിപ്രായം വ്യക്തിപരം.

RGP VIEW


No comments:

Post a Comment

Latest

Get out (2017)