RGP VIEW 202
![]() |
202. Signal (2016– ) KOREAN |
Signal (2016– )
TV Series | 80 min | Crime, Drama, Fantasy | Episode-16
കണ്ടു തീർത്ത സീരീസിൻറെ എണ്ണം വളരെ കുറവാണ്. കാണുന്നതെല്ലാം വളരെ മികച്ചതായിരിക്കണം എന്ന് എനിക്ക് വളരെ നിർബന്ധമുണ്ട്. കാരണം, ഒരു സീരീസിന് ചിലവഴിക്കുന്ന സമയം ഉണ്ടെങ്കിൽ 10 സിനിമ കാണാം. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധാപൂർവ്വം മാത്രമേ ഒരു സീരീസ് സെലക്ട് ചെയ്യാറുള്ളൂ.
പുതുതായി പോലീസിൽ ജോയിൻ ചെയ്ത നായകൻ. വന്നപാടെ ആരോടും അത്ര നല്ല രീതിയിൽ അല്ല ആളുടെ പെരുമാറ്റം. സത്യത്തിൽ ആളുടെ പെരുമാറ്റത്തിന് അല്ല കുഴപ്പം..! ആൾക്ക് സ്വന്തമായി കുറച്ച് ധാരണകളുണ്ട്. ഈ ധാരണകൾ സീനിയറായ പോലീസുകാർക്ക് അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാത്തതായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം ടീം അംഗങ്ങൾ പോലും നായകനെ ഇഷ്ടപ്പെട്ടിരുന്നില്ല.
ഒരു ദിവസം രാത്രി ജോലി കഴിഞ്ഞ് കാറിനടുത്തേക്ക് എത്തിയപ്പോൾ കാറിൻറെ മുമ്പിൽ വലിയ ഒരു ട്രക്ക് നിർത്തിയിട്ടിരിക്കുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. പോലീസുകാരനായ നായകൻ ഒരുപാട് നേരം കാത്തിരുന്നെങ്കിലും ട്രക്ക് അവിടെനിന്ന് അനങ്ങിയില്ല. ആ സാഹചര്യത്തിലാണ് ട്രക്കിൻറെ അകത്തു നിന്ന് ഒരു പ്രത്യേകതരം ശബ്ദം കേൾക്കുന്നത്.
ആകാംക്ഷയോടെ അയാൾ അവിടേക്ക് ചെന്നു നോക്കി. ഒരു ചാക്കിൽ നിന്നായിരുന്നു ആ പ്രത്യേകതരം ശബ്ദം പുറത്തേക്കു വന്നത്. നോക്കുന്ന സമയത്ത് അതൊരു പഴയ ട്രാൻസ്മിറ്റർ ആയിരുന്നു. അതിൽ നിന്ന് ആരോ ഒരാൾ സംസാരിക്കുന്നുണ്ട്. നായകൻ അയാളോട് തിരിച്ചും സംസാരിക്കാൻ തുടങ്ങി. അടുത്ത ദിവസം തൻറെ സീനിയേഴ്സിന് ഈ ട്രാൻസിസ്റ്റർ കാണിച്ചപ്പോഴാണ് അയാൾ ആ ഞെട്ടിക്കുന്ന വാസ്തവം മനസ്സിലാക്കുന്നത്. തൻറെ കയ്യിലുള്ള ട്രാൻസ്മിറ്റർ വർക്ക് ചെയ്യുന്നതല്ല. വർഷങ്ങൾക്കു മുമ്പ് ശരിയാക്കാൻ കഴിയാത്തവിധം നശിച്ചു പോയതാണ്. തുടർന്ന് കഥ വികസിക്കുന്നു. പക്ഷേ അതിനുശേഷവും ഒരുപാട് തവണ നായകൻ അയാളോട് സംസാരിച്ചു..!
വർഷങ്ങൾക്കു മുമ്പ് ഹോളിവുഡിൽ ഇറങ്ങിയ ഫ്രീക്വൻസി എന്ന സിനിമയുമായി വളരെയധികം സാമ്യമുള്ള ഒരു ത്രെഡ്. പക്ഷേ വളരെ വേറിട്ട രീതിയിലാണ് സീരീസിൻറെ അവതരണം. അത് കൂടാതെ ഒരു കഥയിൽ മാത്രം ഒതുങ്ങിക്കൂടാതെ ഒരുപാട് കഥകൾ ചിത്രം പറയുന്നുണ്ട്. കഥാപാത്രങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. കൂടാതെ പശ്ചാത്തലസംഗീതവും മികച്ചതായി അനുഭവപ്പെട്ടു. ഇടയ്ക്കിടയ്ക്ക് കയറിവരുന്ന ട്വിസ്റ്റ് നമ്മളെ ഒന്നുകൂടി ഈ ടെലിവിഷൻ പരിപാടിയിലേക്ക് അടുപ്പിക്കുന്നു.
ബോറടിക്കാത്ത അവതരണം തന്നെയാണ് സീരീസ് പ്രേക്ഷകർക്ക് ഒരു പരിധിവരെ നൽകുന്നത്. പക്ഷേ ചിലഭാഗങ്ങളിൽ നല്ല രീതിയിലുള്ള വലിച്ച് നീട്ടലുകൾ അനുഭവപ്പെട്ടു. ഒരു എപ്പിസോഡ് മുഴുവനായി ഇല്ലെങ്കിലും ചില പ്രത്യേക ഏരിയകളിൽ ചെറിയ രീതിയിലുള്ള ലാഗ് അനുഭവപ്പെടുന്നുണ്ട്. സീനുകൾ വീണ്ടും വീണ്ടും കാണിച്ച് പഴയ ടിവി സീരിയൽ പോലെ ചിലയിടങ്ങളിൽ പ്രേക്ഷകരെ പരീക്ഷിക്കുന്നുണ്ട് സിഗ്നൽ.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ കണ്ട കൊറിയൻ സീരിയസാണ് സിഗ്നൽ. അത്ര വലിയ പോരായ്മകൾ ഒന്നും എനിക്ക് കാണാൻ സാധിച്ചില്ല. പക്ഷേ ഞാൻ പ്രതീക്ഷിച്ച ഒരു നിലവാരത്തിലേക്ക് സംഭവം ഉയർന്ന പോലെ അനുഭവപ്പെട്ടില്ല. ഒരു ഓവർ റേറ്റഡ് സീരീസ് ആയാണ് അനുഭവപ്പെട്ടത്. അവസാന എപ്പിസോഡ് അടുത്ത സീസണിലേക്കുള്ള കുറച്ചു വിത്തുകൾ പാകിയാണ് അവസാനിക്കുന്നത്.
പോലിസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ് സിഗ്നൽ പങ്കുവയ്ക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മികച്ച ക്ലീൻ സീരീസ്. അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുന്ന ഒരു ഐറ്റം. മുടക്കുന്ന സമരത്തിനുള്ള മുതലുണ്ട്.
202. Signal (2016– ) KOREAN
3.5/5 RGP VIEW
8.8/10
IMDb
9.2/10
MyDramaList
91% liked this TV show
Google users
RGP VIEW
No comments:
Post a Comment