Thursday, September 26, 2019

157. Kireedam (1989) MALAYALAM

RGP VIEW 157

Kireedam 
(1989)| 124 min | Action, Drama

RGP VIEW 157

പണ്ട് മലയാള സിനിമ പ്രേക്ഷകരിലേക്ക് വളരെ ആഴത്തിൽ എത്തിച്ചേർന്നതും ചുരുക്കം ചില  ആളുകളിൽ പ്രധാനിയാണ് ലോഹിതദാസ്. അദ്ദേഹത്തിൻറെ സിനിമകളെല്ലാം വല്ലാതെ പ്രേക്ഷക സ്വാധീനം ലഭിച്ച ചിത്രങ്ങളാണ്. ലോഹിതദാസിൻറെ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ ജീവിതത്തിൽ നടന്ന അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിൽ നാം കണ്ട കാഴ്ചകളാണ് പല ചിത്രങ്ങളും നമ്മൾക്ക് പങ്കു വെച്ചിട്ടുള്ളത്. അതിലെ പ്രധാനിയാണ് കിരീടത്തിലെ സേതുമാധവൻ.

സത്യസന്ധനായ പോലീസ് കോൺസ്റ്റബിൾ അച്യുതൻ നായർ. അദ്ദേഹത്തിൻറെ ഒരേയൊരാഗ്രഹം. തൻറെ മകനായ സേതുമാധവനെ ഒരു പോലിസ് ഇൻസ്പെക്ടർ ആകണമെന്ന്. ആഗ്രഹം നിറവേറ്റാൻ എസ് എ ടെസ്റ്റ് എല്ലാം എഴുതിയിരിക്കുന്ന നായകൻ. വാടക വീട് ആണെങ്കിൽ പോലും കുടുംബത്തെപ്പറ്റി ആർക്കും യാതൊരു എതിരഭിപ്രായമില്ല. സത്യസന്ധനായ പോലീസുകാരൻ അച്ഛൻ, മാന്യനായ മകൻ സേതുമാധവൻ.

അങ്ങനെയിരിക്കെ ജോലിയിലെ സത്യസന്ധത കാരണം ട്രാൻസ്ഫർ ലഭിക്കുന്നു. നേരെ എത്തിപ്പെടുന്നത് രാമപുരം എന്ന നാട്ടിലാണ്. ആദ്യം താമസിച്ച ഇടം ഗ്രാമത്തിൻറെ പരിശുദ്ധിയും സത്യസന്ധതയും നിറഞ്ഞതാണെങ്കിൽ ഇവിടെ നേരെ മറിച്ചാണ്. ഗുണ്ടാവിളയാട്ടം കൊണ്ടും അഴിമതികൾ കൊണ്ടും നിറഞ്ഞ ഒരിടമാണ് രാമപുരം. അതുമാത്രം അല്ല അവിടെ നാടും വീടും കിടുകിടാ വിറപ്പിക്കുന്ന കീരിക്കാടൻ ജോസുമുണ്ട്.

അങ്ങാടിയിൽ അച്യുതൻ നായർ കീരിക്കാടൻ ജോസുമായുള്ള സംഘർഷം കണ്ടുവരുന്ന മകൻ സേതുമാധവൻ. അച്ഛനെ തല്ലുന്നത് കണ്ടു ആളറിയാതെ കീരിക്കാടൻ ജോസിനെ സേതുമാധവൻ അടിക്കുന്നു. അവിടെ പുതിയൊരു ഗുണ്ട ജനിക്കുകയും അതിലൂടെ തൻറെ ജീവിതം തന്നെ സേതുമാധവൻ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഒരാളുടെ ജീവിത ശൈലി അതു നിന്ന് എങ്ങനെ വേറെ ഒന്നിലേക്ക് മാറുന്നു എന്ന വ്യക്തമായ ചിത്രം കാണിച്ചു തരുന്നുണ്ട്. സേതുമാധവൻ ചെയ്തത് തെറ്റാണോ അല്ലയോ എന്ന ചോദ്യം ഓരോ പ്രേക്ഷകരിലും ഇപ്പോഴും നിലനിൽക്കുന്നു. അറിയാതെ ചെയ്ത ഒരു കാര്യത്തിന് പേരിൽ ജീവിതം മൊത്തത്തിൽ നശിച്ചുപോയ നായകൻ. ഈ കാര്യം ലോഹിതദാസ് സിനിമകളിൽ  കണ്ടുവരുന്ന ഒരു രീതിയാണ്.
തോറ്റ നായകരുടെ കഥ പറഞ്ഞ ഒരുപാട് ലോഹിതദാസ് ചിത്രങ്ങൾ നമുക്ക് മുമ്പിലുണ്ട്. അതിനോടൊപ്പം  സാധാരണക്കാരായ ആളുകളുടെ ജീവിതം പകർത്തുന്നതിലും ലോഹിതദാസ് വളരെ മുമ്പിലാണ്. അതു പല ചിത്രങ്ങളിലായി നാം കണ്ടതുമാണ്.

എല്ലാവരും നല്ല മനുഷ്യരാണ്. ജീവിതവും ജീവിതസാഹചര്യങ്ങളും ആണ് പലരേയും പലതിലേക്കും എത്തിക്കുന്നത്. പക്ഷേ അങ്ങനെ എത്തിപ്പെട്ടാൽ  പിന്നീട് അതിൽ നിന്ന് രക്ഷ നേടാൻ സാധിക്കില്ല. അയാൾ രക്ഷപ്പെടാൻ ശ്രമിച്ചാലും സമൂഹം അയാളെ അതിൽ തന്നെ പിടിച്ചിടും. ലോഹിതദാസ് ഒരു ഇൻറർവ്യൂ പറഞ്ഞത് ഓർക്കുന്നു. ഒരാളും ക്രിമിനൽ ആവുന്നില്ല. സൊസൈറ്റി ആകുന്നതാണ്. ഈ പ്രസ്താവനയോട് 100% യോജിച്ച തന്നെയാണ് കിരീടം എന്ന സിനിമ മുന്നോട്ടു പോകുന്നത്.

സത്യത്തിൽ കിരീടം ഒരു റിയലിസ്റ്റിക് ചിത്രം അല്ലേ. യഥാർത്ഥ സംഭവത്തിൽ നിന്നാണ് കിരീടം ഉടലെടുത്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ക്ലൈമാക്സിലെ ഫൈറ്റ് സീൻ വരെ സിനിമാറ്റിക് രീതിയിലല്ല ചിത്രീകരിച്ചിട്ടുള്ളത്. ഒന്നു ചിന്തിച്ചാൽ കിരീടം ഒരു റിയലിസ്റ്റിക് സിനിമ എന്ന രീതിയിലും നമുക്ക് ചിന്തിക്കാം. ഒപ്പം വളരെ ലൈവ് ആയ രീതിയിലാണ് സിനിമയുടെ കഥ പറയുന്നത്. അതിനോടൊപ്പം കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് കിരീടം എന്ന ചിത്രത്തിൻറെ ഏറ്റവും മികച്ച ഘടകങ്ങളിൽ ഒന്നാണ്.

സ്വർഗം, നരകം എന്ന രീതിയിലെ രണ്ട് കൺസെപ്റ്റ്. ഒരു രണ്ട് റഫറൻസുകൾ ആയും ഇത് എടുക്കാം.
ഈ രണ്ട് മേഖലയിലൂടെ ആണ് ചിത്രം കഥ പറഞ്ഞു പോകുന്നത്. രണ്ടിനെയും ഗുണങ്ങളും ദോഷങ്ങളും പറ്റി നമുക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ രാമപുരത്ത് എത്തിപ്പെടുന്ന സേതുമാധവൻ ഒരു ചെറിയ നരകത്തിൽ തന്നെയാണ് എത്തിയതെന്ന് സിനിമ ചൂണ്ടിക്കാണിക്കുന്നു. അതിനോടൊപ്പം ആദ്യ നാട്ടിൽ ചിരിയും സന്തോഷവും ആയി കഴിയുന്ന സേതുമാധവൻ രാമപുരത്തെ എത്തിയപ്പോൾ  പലപ്പോഴും ചിരിക്കാൻ വരെ മറന്നു തുടങ്ങിയിരുന്നു. ഇതെല്ലാം നാം രണ്ടു ജീവിതശൈലിയിൽ പൊരുത്തപ്പെട്ടു പോകേണ്ട ഒരു സാധാരണക്കാരൻ നിസ്സഹായ അവസ്ഥ തന്നെയാണ് വ്യക്തമാക്കുന്നത്.

മോഹൻലാൽ എന്ന നടൻറെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് സേതുമാധവൻ. സത്യത്തിൽ അദ്ദേഹം ആ കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നു. ഇമോഷണൽ രംഗങ്ങളും എല്ലാം തന്നെ തൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാക്കി മാറ്റി മോഹൻലാൽ സേതുമാധവൻ എന്ന കഥാപാത്രം. അച്ഛനും മകനും തമ്മിലുള്ള കെമിസ്ട്രി എടുത്തുപറയേണ്ട ഒന്നു തന്നെയാണ്.

തിലകൻ അവതരിപ്പിച്ച അച്ഛൻ അച്യുതൻ നായർ എന്ന കഥാപാത്രം. മലയാള സിനിമയിൽ തന്നെ ഒരുപാട് ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പോലീസ് കോൺസ്റ്റബിൾ അച്യുതൻ നായർ. സിബി മലയിൽ ഒരു ഇൻറർവ്യൂ പറഞ്ഞിട്ടുണ്ട്. തിലകൻ ഇല്ലെങ്കിൽ ഈ സിനിമയില്ല. ഏറ്റവും കൗതുകമുള്ള ഒരു വിഷയം കിരീടം ഷൂട്ട് ചെയ്യുമ്പോൾ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു തിലകൻ. ആ ഷൂട്ടിംഗ്  ഇടവേളകളിൽ വന്നായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. ഇത്രയെല്ലാം ത്യാഗങ്ങൾ സഹിച്ച് ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുന്നത്. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോൾ പിന്നണികൾ പോലും പ്രതീക്ഷിച്ചതിലും അപ്പുറം വിജയം കൈവരിക്കാൻ സിനിമയ്ക്ക് സാധിച്ചു.

വളരെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കീരിക്കാടൻ ജോസ്. അന്നു കണ്ടു വരുന്ന വളരെ വ്യത്യസ്തമായ രീതിയിലുള്ള അവതരണം തന്നെയാണ് സംവിധായകൻ പവർഫുൾ ആയ വില്ലനും സമ്മാനിച്ചത്. വില്ലൻറെ അടിപിടികളും കൊലപാതകങ്ങളും ഒന്നും തന്നെ നേരിട്ട് കാണിക്കാതെ കഥാപാത്രങ്ങളിലൂടെ ആയിരുന്നു വില്ലൻറെ പ്രാധാന്യവും ഒപ്പം ശക്തിയും എല്ലാം പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്.

 സിനിമയുടെ  സംവിധായകൻറെ ഇൻറർവ്യൂ കേട്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ബാറ്റ്സ്മാൻ ഡാർക്ക് നൈറ്റ് എന്ന സിനിമയിലെ Christian Bale,
Heath Ledger പോലീസ് സ്റ്റേഷൻ രംഗമാണ്. ഒറിജിനാലിറ്റിക്കുവേണ്ടി തന്നെ ശരിക്കും ഇടിക്കണം എന്നു പറഞ്ഞ ലോകം കണ്ട ഏറ്റവും മികച്ച വില്ലൻ. സത്യത്തിൽ ഈ സംഭവം വർഷങ്ങൾക്കു മുമ്പ് കിരീടത്തിലെ പോലീസ് സ്റ്റേഷൻ സീനിൽ വന്നിട്ടുണ്ടായിരുന്നു. ഇതെല്ലാം  കിരീടം എന്ന സിനിമയുടെ പരസ്യമായ രഹസ്യങ്ങളാണ്.

ലോക ശ്രദ്ധ നേടിയ വൈൽഡ് ടൈൽസ് എന്ന ആന്തോളജി സ്പാനിഷ് ചിത്രം. അതിലെ കുട്ടി ബോംബ് എന്ന ചിത്രവും കിരീടവും തമ്മിൽ ഒരുപാട് ബന്ധങ്ങൾ ഉള്ളത് പോലെ അനുഭവപ്പെട്ടു. രണ്ടു കഥകളുടെയും പശ്ചാത്തലം ഒന്നുതന്നെയാണ്. രണ്ടുപേരും ചെയ്യുന്നത് ചെറിയ രണ്ടു തെറ്റുകൾ മാത്രം. കിരീടത്തിൽ സേതുമാധവൻ അച്ഛനെ അടിച്ച കീരിക്കാടൻ ജോസിനെ തിരിച്ചടിച്ചു എങ്കിൽ ഈ സ്പാനിഷ് ചിത്രത്തിൽ നോ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തു എന്ന തെറ്റ് മാത്രമേ നായകൻ ചെയ്തിട്ടുണ്ടായിരുന്നു ഉള്ളൂ. പക്ഷേ രണ്ടു കഥകളും ഒരേ രീതി തന്നെയാണ് മുന്നോട്ടുകൊണ്ടു പോയിട്ടുള്ളത്. സ്പാനിഷ് ചിത്രത്തിൽ അവസാനം നായകൻ ഹീറോയിസം കാണിച്ചപ്പോൾ കിരീടത്തിൽ ലോഹിതദാസ് തൻറെ തിരക്കഥ പോസ്റ്റുമോർട്ടം ചെയ്യാൻ ആരെയും അനുവദിച്ചിരുന്നില്ല. ചിത്രത്തിൻറെ ക്ലൈമാക്സ് തന്നെയായിരുന്നു സിനിമയിലെ പ്രധാന ഘടകവും. കിരീടത്തിൽ നിന്ന് ഈ സ്പാനിഷ് ചിത്രം പ്രചോദനം കൊണ്ട് ഉള്ളതാണോ എന്ന കാര്യം സംശയമാണ്. പക്ഷേ കിരീടം പോലെയുള്ള ഒരു ചിത്രത്തിൽ നിന്ന് മറ്റു ഭാഷകളിലേക്ക്  സിനിമകൾ ഉടലെടുക്കുന്നത് തികച്ചും സാധാരണയായ കാര്യം മാത്രമാണ്.

മുൾക്കിരീടം എന്നായിരുന്നു സിനിമയുടെ ആദ്യ പേര്. പിന്നീട് അത് മാറി കിരീടം ആവുകയായിരുന്നു. ഗുണ്ട എന്നും സിനിമയ്ക്ക് പേര് നൽകാൻ പിന്നണികൾ തീരുമാനിച്ചിരുന്നു. ഏറ്റവും കൗതുകമുള്ള കാര്യം ലോഹിതദാസ് ഐ വി ശശി കൂട്ടുകെട്ടിൽ മമ്മൂക്ക നായകനായ മുക്തി എന്ന സിനിമയായിരുന്നു കിരീടം എന്ന പേര് നിർദ്ദേശിക്കപ്പെടുന്നത്. അത് കറങ്ങിത്തിരിഞ്ഞു സിബിമലയിൽ ലോഹിതദാസ് ചിത്രത്തിലേക്ക് വരുകയായിരുന്നു. ഒരു ഞെട്ടിപ്പിക്കുന്ന സംഭവം എന്തെന്ന് വെച്ചാൽ ലോഹിതദാസ് നാല് ദിവസം കൊണ്ടാണ് കിരീടം എന്ന സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്.

ഒരുപാട് അംഗീകാരങ്ങൾ കൂടി നേടിയെടുത്ത ചിത്രമാണ് കിരീടം. മോഹൻലാൽ എന്ന നടൻറെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കിരീടത്തിലെ സേതുമാധവൻ. ആ കാലഘട്ടത്തിൽ ലാലേട്ടനെ നല്ല രീതിയിൽ ഉപയോഗിച്ച സിനിമകളിലൊന്ന്. മികച്ച നടനുള്ള ദേശീയ സ്പെഷ്യൽ ജൂറി അവാർഡ് സേതുമാധവൻ എന്ന കഥാപാത്രത്തിന് ലഭിച്ചു. സംവിധാനം,തിരക്കഥ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും അംഗീകാരങ്ങളുടെ അവാർഡുകളുടെ  വിപുലമായ ശേഖരം തന്നെയാണ് കിരീടം എന്ന സിനിമ. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ കിരീടം റീമേക്ക് ചെയ്തിട്ടുണ്ട്. ആ റീമേക്ക് സിനിമകളിൽ നിന്ന് കിട്ടിയ പണം ഉപയോഗിച്ചാണ് ലോഹിതദാസ് തന്നെ നാട്ടിലൊരു വീട് പണിഞ്ഞത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കിരീടം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്ര കണ്ടു എന്ന് ആർക്കും ഒരു ഐഡിയയും ഇല്ല.
മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ചിത്രം അല്ലെങ്കിൽ ക്ലാസ്സിക് ചിത്രം എന്ന് നിഷ്പ്രയാസം കിരീടം എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ലോകത്തിലെ തന്നെ മരിക്കുന്നതിന് തൊട്ടുമുമ്പ് കാണേണ്ട മലയാള ചിത്രങ്ങൾ എടുത്തു നോക്കിയാൽ അതിൽ മുൻപന്തിയിൽ കിരീടം ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. കിരീടത്തിന് ശേഷം അതിൻറെ രണ്ടാം ഭാഗം ചെങ്കോൽ എന്ന പേരിൽ പുറത്തിറങ്ങി. അതിൻറെ വിശേഷങ്ങൾ പതിയെ ചർച്ച ചെയ്യാം. ഈ സിനിമ കാണാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ നിർബന്ധമായും കാണുക.

For More Movies Review rgpview.blogspot.com

അഭിപ്രായ വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)