RGP VIEW 130
![]() |
Virus |
(2019) | 152 min | Drama, Thriller
Director: Aashiq Abu
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുപാട് സിനിമകൾ ലോകം പരക്കെ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഒരുപാട് സംഭവങ്ങൾ ഇങ്ങനെ സിനിമയായി വന്നെങ്കിലും കേരളം പൊതുവേ അതിൽ നിന്ന് കുറച്ചു പിന്നോട്ട് നിൽക്കുന്നു. എല്ലാത്തിനും മാറ്റം അനിവാര്യമാണ്. ആ ഒരു മാറ്റത്തിന് തുടക്കം വൈറസിലൂടെ ആവട്ടെ.
ഇപ്പോഴും മറക്കാതെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം എൻറെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ആ കാര്യം പറയണമെങ്കിൽ കുറച്ചു പിന്നോട്ട് പോകണം. ഏകദേശം ഒരു വർഷം മുമ്പ് റമളാൻ മാസം. നിപ്പ വൈറസ് കോഴിക്കോട് പടർന്നു പിടിച്ച സമയം. ആ സമയത്ത് കേരളത്തിലെ ഏറ്റവും മികച്ച ബീച്ച് ആയി തിരഞ്ഞെടുത്ത നമ്മുടെ സ്വന്തം കോഴിക്കോട് കടപ്പുറത്തേക്ക് ഞാനും എൻറെ രണ്ടു മൂന്നു ചങ്ങായിമാറും പോകുകയുണ്ടായി. എന്നും ആയിരങ്ങൾ കൊണ്ട് നിറഞ്ഞ ആ കടൽ തീരം ഞങ്ങൾ നാലു പേരിൽ ഒതുങ്ങുന്ന ഞെട്ടിക്കുന്ന ഒരു കാഴ്ച ഞാനന്നു കണ്ടു. കുറച്ചുനേരം അവിടെ ഇരുന്നെങ്കിലും ആരും തന്നെ ആ വഴിക്ക് വന്നില്ല. സത്യത്തിൽ നിപ്പ നഗരം ഭീതി കൊണ്ട് വീണിരുന്നു.. ഈ രോഗം അത്രത്തോളം ശക്തമായിരുന്നു എന്ന വാസ്തവം ഞാൻ അന്നാണ് തിരിച്ചറിഞ്ഞത്.
ആഷിക് അബുവിൻറെ സംവിധാനത്തിൽ റിമാ കല്ലിങ്കൽ നിർമ്മിച്ച ചിത്രമാണ് വൈറസ്. കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. കാരണം ഒരുവിധം എല്ലാവർക്കും ഇതിനെ കുറിച്ച് വ്യക്തമായ ധാരണയും അറിവുണ്ട്. ഒരു കോഴിക്കോട്ടുകാരൻ ആയതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് വ്യക്തമായി അറിയാം എന്ന് കരുതി തന്നെയാണ് സിനിമ കാണാൻ ഇരുന്നത്. പക്ഷേ നമുക്ക് അറിയാത്ത പലതും ഈ സിനിമയ്ക്ക് നമ്മളോട് പറയാനുണ്ട്.
വളരെ നിശബ്ദതയിൽ നിന്നാണ് സിനിമയുടെ തുടക്കം. നിശബ്ദത അധികം ഒന്നും നീളുന്നില്ല. പിന്നീട് ഏതൊരു പ്രേക്ഷകനെയും ഭീതിയുണർത്തുന്ന ബിജിഎം അവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവിടെ നിന്ന് ആ സംഗീതത്തിനൊപ്പം പ്രേക്ഷകരും സിനിമയുടെ ആഴത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. ടൈറ്റിൽ കാണിച്ചു പോകുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൻറെ കാഷ്വാലിറ്റിയാണ്. നിപ്പ ശേഷവും മുമ്പും എങ്ങനെയായിരുന്നു ഹോസ്പിറ്റൽ പരിസരം എന്ന് വ്യക്തമായി ആ കുറച്ചു സ്വീകൻസുകളിലൂടെ സംവിധായകൻ പ്രേക്ഷകരുടെ മുമ്പിലേക്ക് അവതരിപ്പിക്കുന്നു. വളരെ ബ്രില്ലിയൻറ് എന്ന് വിശേഷിപ്പിക്കാവുന്ന സംവിധാന മികവാണ് അവിടെ എനിക്ക് കാണാൻ സാധിച്ചത്. ചുരുക്കി പറഞ്ഞാൽ വളരെ വ്യക്തമായ തുടക്കം. ഇതിനെക്കുറിച്ച് അറിയാത്തവർക്കും വളരെ ലളിതമായി മനസ്സിലാക്കി തരുന്ന അവതരണം. ഉറപ്പിച്ചു പറയാം സംവിധായകൻ കയ്യടി അർഹിക്കുന്നു.
ഒന്നാം പകുതി രോഗവും രോഗം ബാധിച്ചവരുടെ എണ്ണം ഒപ്പം മരണങ്ങളും കാണിച്ചു പേടിപ്പിച്ചു നിർത്തി. ഇൻറർവെൽ സമയത്ത് തീയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആരുടെ മുഖത്തും അത് വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല. കാരണം പറയേണ്ടല്ലോ, നമ്മൾ കോഴിക്കോട്ടുകാരൻ അല്ലെ..? രണ്ടാം പകുതി നിപ്പയുടെ ഉറവിടം തേടി സിനിമ പോയപ്പോൾ അവിടെ ചെറിയ രീതിയിൽ ലാഗ് അനുഭവപ്പെട്ടു. രണ്ടു പകുതികളും കമ്പയർ ചെയ്യുമ്പോൾ ആദ്യ പകുതിയാണ് ഒരുപാട് ഇഷ്ടമായത്. കാരണം ആദ്യ പകുതി ഒരുപാട് ത്രില്ലർ സീനുകൾ കൊണ്ട് നിറഞ്ഞതായിരുന്നു.
വരത്തൻ എന്ന സിനിമയുടെ തിരക്കഥയെഴുതിയ സുഹാസ്, ഷർഫു ഒപ്പം സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥാകൃത്ത് മുഹ്സിൻ കൂടിച്ചേർന്നാണ് വൈറസിനെ സ്ക്രിപ്റ്റ് ഒരുക്കിയത്. കോഴിക്കോട് സ്ലാങ്ക് നല്ല രീതിയിൽ സിനിമ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഹിസ്റ്ററി സിനിമയെ സയൻസ് ഫിക്ഷൻ എന്ന ടേബിളിലേക്ക് മാറ്റാൻ നല്ല തിരക്കഥയുടെ പ്രാധാന്യം വളരെ വലുതാണ്. അത് ഭംഗിയായി മൂവരും ചെയ്തിട്ടുണ്ട്.
ക്യാമറയുടെ സാന്നിധ്യം അറിഞ്ഞില്ല എന്നുപറയുന്നത് സത്യം. തൊട്ടു മുമ്പിൽ കാണുന്ന ദൃശ്യം പോലെയാണ് രാജീവ് രവി ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഏതു പാറ്റേൺ സിനിമയാണെങ്കിലും രാജീവ് രവിയുടെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. പശ്ചാത്തല സംഗീതത്തിന് സാന്നിധ്യം സിനിമയുടെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ്. പലയിടങ്ങളിലും സിനിമയുടെ ഫീൽ നിലനിർത്താൻ നല്ല രീതിയിൽ ബിജിഎം കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാം പകുതിയിൽ പശ്ചാത്തലസംഗീതം വഹിച്ച പങ്ക് കുറച്ചല്ല. കാരണം ആദ്യഭാഗം ത്രില്ലർ കിട്ടിയ പ്രേക്ഷകന് രണ്ടാം ഭാഗം ഇൻവെസ്റ്റിഗേഷൻ ഒപ്പം നാടകീയതയും കൂടിച്ചേർന്നപ്പോൾ പ്രേക്ഷകർക്ക് ഉണ്ടായ അനുഭവം വ്യത്യസ്തമാണ്. പ്രേക്ഷകർക്ക് ആ ഒന്നിൽ നിന്ന് രണ്ടിലേക്ക് വരാൻ ഒരു ടൈം ആവശ്യമായിരുന്നു. അതാണ് ലാഗായി ഞാൻ പരാമർശിച്ചു ഭാഗം. രണ്ടു പകുതികളും രണ്ട് ജോണർ സംസാരിച്ചപ്പോൾ അവിടെ പ്രേക്ഷകനെ പിടിച്ചുനിർത്താൻ ബിജിഎം നല്ല രീതിയിൽ പണിയെടുക്കേണ്ടി വന്നു എന്ന് പലപ്പോഴും തോന്നി.
വൈറസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർക്ക് കിട്ടിയ ഒരു ആവേശമുണ്ട്. പ്രധാന കാരണം അതിലെ താരനിര തന്നെ. അന്നുമുതൽ എന്നെ അലട്ടിയ ചോദ്യമാണ് ആരാണ് ഇതിൽ ഹീറോ ?
സ്വാഭാവികമായും ഇങ്ങനെയൊരു സിനിമ വരുന്ന സമയത്ത് ഈഗോ പ്രശ്നങ്ങൾ എല്ലാം ഉണ്ടാവുന്നത് സർവ്വ സാധാരണ വിഷയമാണ്. പക്ഷേ ഞെട്ടിച്ച വസ്തുത എന്തെന്നാൽ ഈ സിനിമയിൽ എല്ലാവരും ഹീറോയാണ്. ഒരാളിലൂടെ അല്ല കഥ വികസിക്കുന്നത് പലരിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. അത് നല്ല സംവിധാനത്തിന് മികച്ച ഒരുദാഹരണമായി തന്നെ കണക്കാക്കാം. ഇത്രയും വലിയ താരനിര വരുമ്പോൾ അവരെ നല്ല രീതിയിൽ ഉപയോഗിക്കുക എന്നത് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. പക്ഷേ ആ പ്രതിസന്ധി വൈറസ് സിനിമയ്ക്ക് വന്നില്ല എന്ന് 100% ഉറപ്പിച്ചു പറയാം. കാരണം വന്നവരെല്ലാം അവരുടെ മാക്സിമം ഇൻപുട്ട് തന്ന ശേഷമാണ് മടങ്ങിയത്. താരനിരയുടെ പേരുകൾ എടുത്തു പറയുന്നില്ല. എല്ലാവരുടെയും പ്രകടനം ഒരുപാട് ഇഷ്ടമായി.
സിനിമ കുറച്ച് റിയലസ്റ്റിക് ആണെങ്കിലും പലഭാഗത്തും ആഷിക് അബു സിനിമാറ്റിക് കുറച്ച് കുത്തി കയറിയിട്ടുണ്ട്. അത് ആസ്വാദനത്തിന് വലിയ പ്രശ്നമായി ഒന്നും തോന്നിയില്ല.
ആദ്യ സീനിൽ ടോവിനോ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടായിരുന്ന കൈയ്യടി പിന്നീട് പല നടൻമാർ വന്ന് അത്ഭുത പ്രകടനങ്ങൾ കാഴ്ച വച്ചപ്പോൾ വരെ പ്രേക്ഷകർ നിശബ്ദരായി തന്നെ ഇരുന്നു. സിനിമയുടെ അവസാനം സംവിധായകൻറെ പേര് എഴുതി കാണിക്കുന്നത് വരെ ഇതു നീണ്ടുപോയി.
വൈറസ് നിങ്ങളെ കരയിപ്പിക്കും, പേടിപ്പിക്കും വേദനിപ്പിക്കും ഒപ്പം ത്രില്ലടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളും സമ്മാനിക്കും... പോരാടാനുള്ള ഊർജ്ജം നിങ്ങളിൽ എത്തിക്കും...
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ തന്നെയാവും വൈറസ്. നമ്മൾ അറിയേണ്ട അല്ലെങ്കിൽ നമ്മൾ കണ്ടിരിക്കേണ്ട പലകാര്യങ്ങളും വൈറസിലൂടെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നിർബന്ധമായും കാണേണ്ട ഒരു സിനിമ തന്നെയാണ് വൈറസ്. ഒരുപാട് കാലത്തിനു ശേഷം എനിക്ക് ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയ സിനിമകളിൽ ഒന്നാണ് ഈ ചിത്രം. കണ്ടു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ തലയുയർത്തി അഭിമാനത്തോടെ തന്നെയാണ് ഇറങ്ങി വന്നത്. ഒരു കോഴിക്കോട്ടുകാരൻ ആയതിൽ അല്ലെങ്കിൽ കേരളത്തിൽ ജനിച്ചു എന്നതിൽ "100% ഉറപ്പിച്ചു പറയുന്നു ഞാൻ അഭിമാനിക്കുന്നു"
#Spread_Love_like_A_VIRUS
4/5 RGP VIEW
8.6/10 · IMDb
അഭിപ്രായം വ്യക്തിപരം
RGP VIEW
True!
ReplyDelete